LOCAL NEWSNews

പ്രതിഷേധം അവസാനിപ്പിച്ചു; കാട്ടുപോത്ത് ആക്രമണത്തില്‍ മരിച്ച അബ്രഹാമിന്റെ പോസ്റ്റ് മോര്‍ട്ടവും സംസ്കാരവും ഇന്ന്

കൂരാച്ചുണ്ട് (കോഴിക്കോട്): കാട്ടുപോത്ത് ആക്രമണത്തില്‍ മരിച്ച കർഷകൻ കക്കയം പാലയാട്ടില്‍ അബ്രഹാമിന്റെ പോസ്റ്റ്മോർട്ടവും സംസ്കാരവും ഇന്ന് നടക്കും. ഒരുദിവസം മുഴുവൻ നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് തീരുമാനമായത്. കർഷക സംഘടനകളും കൂരാച്ചുണ്ടിലെ ജനപ്രതിനിധികളും മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ജില്ല ഭരണകൂടം അംഗീകരിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.

ജില്ല കലക്ടറുടെയും എം.കെ. രാഘവൻ എം.പിയുടെയും നേതൃത്വത്തില്‍ നടന്ന നാലാം വട്ട ചർച്ചക്കൊടുവിലാണ് പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. അബ്രഹാമിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ നഷ്ടപരിഹാരം ഇന്ന് തന്നെ കൈമാറാൻ ധാരണയായി. കാട്ടുപോത്ത് ശല്യം രൂക്ഷമായ 2.5 ഏക്കറില്‍ ഫെൻസിങ് ഏർപ്പെടുത്താനുള്ള നടപടികള്‍ ഇന്ന് തന്നെ തുടങ്ങുമെന്നും ഉറപ്പുനല്‍കി.

കാട്ടുപോത്തിനെ കൊല്ലാനുള്ള ഉത്തരവും പ്രിൻസിപ്പല്‍ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് പുറപ്പെടുവിച്ചു. സമരക്കാർ മുന്നോട്ടുവെച്ച അബ്രഹാമിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, കുടുംബത്തിലെ ഒരാള്‍ക്ക് സർക്കാർ ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഗൗരവമായി കണക്കിലെടുത്ത് സർക്കാറിന് ശുപാർശ നല്‍കാമെന്ന് കലക്ടർ ഉറപ്പ് നല്‍കി.

ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ ഡാം സൈറ്റ് റോഡിലെ കൃഷിയിടത്തില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് പാലാട്ട് അബ്രഹാം (അവറാച്ചൻ- 68) മരിക്കുന്നത്. തുടർന്ന് പ്രദേശത്ത് വൻ പ്രതിഷേധമാണുണ്ടായത്. കോഴിക്കോട് മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇൻക്വസ്റ്റ് നടത്താനോ പോസ്റ്റുമോർട്ടം ചെയ്യാനോ കർഷക സംഘടനകളും ബന്ധുക്കളും അനുവദിച്ചില്ല. ജില്ല ഭരണകൂടം മൂന്നുവട്ടം കർഷക സംഘടനകളുമായും എം.കെ. രാഘവൻ ഉള്‍പ്പെടെ ജനപ്രതിനിധികളുമായും ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഒരു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാത്രി വൈകി നടന്ന ചർച്ചയില്‍ സമവായത്തിലെത്തുകയായിരുന്നു. നേരത്തെ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം കോഴിക്കോടുനിന്ന് വിലാപയാത്രയായി കക്കയത്ത് എത്തിക്കാനായിരുന്നു കർഷക സംഘടനകളുടെ തീരുമാനം. ഇതിനു വേണ്ടി നിരവധിയാളുകള്‍ മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. വീട്ടില്‍ പൊതുദർശനം നടത്താൻ ഒരുക്കം നടത്തി ബന്ധുക്കള്‍ കാത്തിരുന്നെങ്കിലും മൃതദേഹം എത്തിക്കാൻ കഴിഞ്ഞില്ല.

കക്കയം ഫോറസ്റ്റ് സ്റ്റേഷനു മുന്നിലും ബുധനാഴ്ച സമരത്തിന്റെ വേലിയേറ്റമായിരുന്നു. കലക്ടറുമായി നടത്തിയ ആദ്യ ചർച്ച പരാജയപ്പെട്ടതോടെയാണ് കർഷക സംഘടനകളുടെ നേതൃത്വത്തില്‍ വനം ഓഫിസ് ഉപരോധ സമരം ആരംഭിച്ചത്. വൈകുന്നേരമാകുമ്പോഴേക്കും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ഉപരോധ സമരത്തിനെത്തിയത്. വനം ഓഫിസിലേക്ക് നടത്തിയ മാർച്ച്‌ താമരശ്ശേരി രൂപത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com