
മുക്കം: വിദ്യാർത്ഥികളിലും,യുവാക്കളിലും ലഹരി ഉപഭോഗം വർധിക്കുന്ന സാഹചര്യത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എക്സൈസ് വകുപ്പുമായി
സഹകരിച്ചു ലഹരി വിരുദ്ധ ബോധവ വൽക്കരണ സെമിനാർ സംഘടിപ്പിച്ചു. തോട്ടുമുക്കം സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന സെമിനാർ കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം. സുഗുണൻ ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളിലും,യുവാക്കളിലും ലഹരി ഉപഭോഗം വർധിക്കുന്നതായി നിരവധി സ്ഥലങ്ങളിൽ നിന്നും പരാതികൾ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ, പ്രത്യേകിച്ചും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു നിരീക്ഷണവും പരിശോധനയും ശ്കതമാക്കിയിട്ടുണ്ടെന്ന് അദ്ധേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കേസുകൾ എടുത്തിട്ടുണ്ടെന്നും ,വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം പ്രവണതകളിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുന്നതിനു രക്ഷിതാക്കളുടെ കുട്ടികളോടുള്ള സമീപനത്തിൽ കാര്യമായ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ രക്ഷിതാക്കൾ പരിഗണിക്കുന്നുണ്ടെന്ന തോന്നൽ അവർക്കുണ്ടാകണമെന്നും, പഠനത്തോടൊപ്പം അവർക്കു വിനോദത്തിനും കൂടിയുള്ള സാഹചര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറിഅധ്യക്ഷത വഹിച്ചു.
കുന്ദമംഗലം സിവിൽ എക്സൈസ് ഓഫീസർ ഷഫീഖ് അലി .ടി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ്:കെ.പി.സൂഫിയാൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിവ്യ ഷിബു,പഞ്ചായത്ത് അംഗം സിജി കുറ്റികൊമ്പിൽ , മനു ബേബി, ടി സഫിയ,തുടങ്ങിയവർ സംബന്ധിച്ചു.



