
താമരശ്ശേരി :താമരശ്ശേരിയിൽ അന്യസംസ്ഥാനം തൊഴിലാളിയെ ജോലിക്ക് എന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകൾ കെട്ടിയിട്ടു. താമരശ്ശേരി പി സി മുക്കിൽ താമസിച്ച് ജോലിചെയ്യുന്ന പശ്ചിമബംഗാൾ സ്വദേശി നജ്‌മൽ ആലം (18) നെ ആണ് ബൈക്കിൽ എത്തിയ ആൾ കൂട്ടിക്കൊണ്ടുപോയി കെട്ടിയിട്ടത്. സംഭവത്തിൽ മലപ്പുറം വണ്ടൂർ സ്വദേശി ബിനുവിനെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 9 മണിയോടെയാണ് ബുള്ളറ്റിൽ എത്തിയ ബിനു അതിഥി തൊഴിലാളിയെ കയറ്റിക്കൊണ്ടുപോയത്. ഏറെനേരം ബൈക്കിൽ കറങ്ങിയശേഷം താമരശ്ശേരി മഞ്ചട്ടി ഭാഗത്തുള്ള ഫ്ലാറ്റിൽ എത്തിച്ചു. ഫ്ലാറ്റിനുള്ളിലേക്ക് കടന്നതോടെ ആക്രമിക്കുകയും കൈ പിന്നിലേക്ക് കെട്ടി ജനലിൽ ബന്ധിക്കുകയും ചെയ്തുവെന്ന് യുവാവ് പറയുന്നു. മുഖം ഉൾപ്പെടെ മൂടിക്കെട്ടി. ഇതിനിടെ സുഹൃത്തുക്കൾക്ക് വീഡിയോ കോളിലൂടെ കെട്ടിയിട്ട രംഗം കാണിച്ചുകൊടുക്കുകയും ചെയ്തു. അക്രമിയുടെ ശ്രദ്ധ മാറിയപ്പോൾ നജ്മൽ ആലംകാലുകൊണ്ട് ഏറെനേരം ശ്രമിച്ച് ലൊക്കേഷൻ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു.
രാത്രി പത്തുമണിയോടെഇവർ നാട്ടുകാരുടെ സഹായത്തോടെ ഫ്ലാറ്റ് വളയുകയും വിവരം പോലീസിൽ അറിയിക്കുകയും ആയിരുന്നു. അവശനിലയിൽ കണ്ടെത്തിയ നജ്മൽ ആലമിനേ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും അക്രമിയുടെ ലക്ഷ്യം സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും താമരശ്ശേരി ഇൻസ്പെക്ടർ പ്രദീപ് അറിയിച്ചു



