
തിരുവമ്പാടി : കിണർ കുഴിക്കുന്നതിനിടെ ശ്വാസതടസ്സമനുഭവപ്പെട്ട് ബോധരഹിതനായ വയോധികന് അഗ്നിരക്ഷാസേന രക്ഷകരായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവമ്പാടി ചേപ്പിലങ്കോടാണ് സംഭവം. പുതുതായി നിർമിക്കുന്ന കിണർ 50 അടിയോളം താഴ്ചയിലെത്തിയപ്പോഴാണ് ചേപിലങ്കോട് തേറുപറമ്പിൽ കീരന് (65) ശ്വാസതടസ്സം അനുഭവപ്പെടുന്നത്.ബോധരഹിതനായ കീരനെ കൂടെയുണ്ടായിരുന്ന തേറുപറമ്പിൽ ജിതിൻ (24) താഴെയിറങ്ങി താങ്ങിനിർത്തി. നാട്ടുകാർ ഉടൻ മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സി. മനോജിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ റെസ്‌ക്യൂ നെറ്റിന്റെ സഹായത്തോടെ പുറത്തെത്തിക്കുകയും ശ്വാസതടസ്സമുള്ളതിനാൽ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിന് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി. അഭിലാഷ്, കെ. ടി. ജയേഷ്, കെ. രജീഷ്, ആർ. മിഥുൻ, രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.


