
നരിക്കുനി : മന്നത്ത് പെട്രോൾ പമ്പിൽ രണ്ടുദിവസംമുൻപ് രാത്രി വാതിൽതകർത്ത് അകത്തെ മേശ കുത്തിപ്പൊളിച്ച് 24,000 രൂപ കവർന്ന കേസിൽ പ്രതിയെ ക്രൈംസ്ക്വാഡും കാക്കൂർപോലീസുംചേർന്ന് പിടികൂടി.കഴിഞ്ഞ 25-ന് രാത്രിയിലായിരുന്നു മോഷണം.
ചാത്തമംഗലം പാറമ്മൽ വീട്ടിൽ അമർജിത്തിനെ(18)യാണ് കോഴിക്കോട് റൂറൽ എസ്.പി. ആർ. കറപ്പസാമി., താമരശ്ശേരി ഡിവൈ. എസ്. പി. അഷ്‌റഫ് തെങ്ങിലക്കണ്ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുന്ദമംഗലം ചൂലാംവയലിൽനിന്ന് പിടികൂടിയത്. പ്രതി മോഷണക്കേസിൽ പിടിയിലായി മൂന്നുമാസം ജയിലിൽക്കിടന്ന് മേയിൽ ജാമ്യത്തിലിറങ്ങി കോഴിക്കോട്ട് സ്വകാര്യബസുകളിൽ ക്ളീനറായി ജോലിചെയ്തുവരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇയാൾ ഒരാഴ്ച മുൻപാണ് നരിക്കുനി-കോഴിക്കോട് റൂട്ടിലോടുന്ന ബസിൽ പകരക്കാരനായി ജോലിക്ക് കയറിയത്. ഈ ബസ് രാത്രിയിൽ ഇതേപമ്പിലാണ് നിർത്തിയിട്ടിരുന്നത്.
രാത്രി പമ്പടച്ച് പോയശേഷമായിരുന്നു മോഷണം. അടുത്തദിവസത്തെ ചെലവിനായി മേശവലിപ്പിൽ സൂക്ഷിച്ച പണമായിരുന്നു മോഷണംപോയത്. കളവുനടന്ന ദിവസംതന്നെ പമ്പിനുസമീപമുള്ള സി.സി.ടി.വി. ക്യാമറകൾ പരിശോധന നടത്തിയെങ്കിലും അവ്യക്തമായ രൂപമാണ് ലഭിച്ചത്.
ഡ്രൈവർ ബസ് നിർത്തി പോയശേഷം ജീവനക്കാർ പമ്പുപൂട്ടി പോകുന്നതുവരെ പ്രതി ബസ്സിനടുത്ത് പതുങ്ങിനിന്നു. പിന്നീട് ബസ്സിൽനിന്ന് സ്ക്രൂ ഡ്രൈവറും കമ്പിയുമെടുത്ത് പമ്പിന്റെ ഡോർ കുത്തിപ്പൊളിച്ച് ഉള്ളിൽകടന്ന് കളവുനടത്തിയശേഷം പമ്പിലെ സി.സി.ടി.വി. യുടെ മോണിറ്റർ തകർത്ത് സമീപമുള്ള കുറ്റിക്കാട്ടിലേക്കു എറിഞ്ഞു. രാത്രി അതുവഴിവന്ന ഒരു ബൈക്കിനു കൈകാണിച്ചു കോഴിക്കോട്ടേക്കുപോന്നു. പുലർച്ചെ കോഴിക്കോട്ടെത്തി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനടുത്ത കടയിൽനിന്നും പുതിയ മൊബൈൽ ഫോണും ഹെഡ് സെറ്റും സ്മാർട്ട് വാച്ചും വാങ്ങി.
പ്രായപൂർത്തിയാകുന്നതിനുമുൻപ് 2021 ഒാഗസ്റ്റ് നാലിന് ആലുവയിൽ കെ.ടി.എം. ഡ്യൂക്ക് ബൈക്ക് ഷോറൂമിൽ രാത്രി കൂട്ടാളിയോടൊപ്പം സെക്യൂരിറ്റി ജീവനക്കാരനെ വടിവാൾകാണിച്ച് ഭീഷണിപ്പെടുത്തി രണ്ട് ബൈക്കുകൾ മോഷ്ടിച്ചതിനും കോഴിക്കോട് നടക്കാവ്, ചാലിൽത്താഴം എന്നിവിടങ്ങളിൽനിന്ന് സ്കൂട്ടർമോഷ്ടിച്ചതിനും ഇയാളുടെപേരിൽ കേസുണ്ട്.
18 വയസ്സ് തികഞ്ഞ് മൂന്നാംദിവസം ഫെബ്രുവരിയിൽ ചാലിൽതാഴത്തുനിന്നും സ്കൂട്ടർ കളവുചെയ്ത് രണ്ടു ദിവസത്തിനുള്ളിൽ പിടിക്കപ്പെട്ട് മൂന്നുമാസം ജയിലിൽ കിടന്ന് മേയിൽ ജാമ്യത്തിലിറങ്ങിയതാണ്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
കാക്കൂർ ഇൻസ്പെക്ടർ എം. സനൽരാജ്, എസ്.ഐ. മാരായ അബ്ദുൾസലാം, ടി.കെ. രമേശ്ബാബു, കെ. ജയരാജൻ, സി.പി.ഒ. മാരായ കെ.ടി. മുഹമ്മദ് റിയാസ്, കെ.എം. ബിജേഷ്, രാംജിത്, ക്രൈം സ്ക്വാഡ് എസ്.ഐ. മാരായ രാജീവ്ബാബു, വി.കെ. സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്



