
സുബൈറിന്റെ സൗദി ജീവിതം…സ്കൂളിലോ മദ്രസിലോ പോകാതെ പണിയും കൂലിയും ഇല്ലാതെ നടന്ന സുബൈറിനെ നന്നാക്കാനായി അവന്റെ അമ്മാവന്മാർ സൗദി അറേബ്യയിലേക്ക് കൊണ്ടുപോയി.. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന സുബൈർ അന്ന് അസർ നിസ്കരിക്കാൻ എത്തിയത് ജമാഅത്ത് ( എല്ലാവരും ഒരുമിച്ചു കൂടിയുള്ള ) നിസ്കാരം കഴിഞ്ഞതിനുശേഷമാണ്.. നാട്ടിലായിരുന്നപ്പോൾ ചില വെള്ളിയാഴ്ചകളിലും പെരുന്നാളിനും മാത്രം പള്ളിയിൽ പോയിരുന്ന സുബൈർ, ഏതെങ്കിലും ഒരു മൂലയിൽ നിന്ന് നിസ്കരിക്കുന്നതായിരുന്നു പതിവ്..
അവൻ ആദ്യത്തെ ലൈനിൽനിന്ന് നിസ്കരിക്കാൻ തുടങ്ങി. നിസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ അവന്റെ തോളിൽ സ്പർശിച്ചു. അതിനർത്ഥം ഞാൻ നിന്നെ ഇമാം ( നിസ്കാരത്തിന് നേതൃത്വം നൽകുന്നവൻ ) ആക്കി നിസ്കാരം തുടരുന്നുണ്ട് എന്ന് അവനെ അറിയിക്കലാണ്.. ളുഹ്റും അസറും നിസ്കരിക്കുമ്പോൾ ഇമാം ഉച്ചത്തിൽ ഖുർആൻ വചനങ്ങൾ ഉരുവിടേണ്ടതില്ല, മനസ്സിൽ ഉരുവിട്ടാൽ മതി.. നിസ്കാരത്തിന്റെ ഒരു ഘട്ടത്തിൽ നിന്ന് അടുത്തഘട്ടത്തിലേക്ക് മാറുമ്പോൾ ഓരോരോ സൂക്തങ്ങൾ മറ്റുള്ളവർ കേൾക്കെ ഉച്ചത്തിൽ ഉരവിടണം. അതിനനുസരിച്ചാണ് പുറകിലുള്ള ആളുകൾ ഇമാമിനെ അനുഗമിക്കുന്നത്.. തന്റെ പുറകിൽ ഒന്നുരണ്ടാളുകൾ ഉണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ തന്നെ സുബൈറിന്റെ മുട്ടുകാൽ കൂട്ടിയിടിക്കാൻ തുടങ്ങിയിരുന്നു .. അന്നൊക്കെ സൗദി അറേബ്യയിൽ ( 25 വർഷങ്ങൾക്ക് മുമ്പാണ് ) നമസ്കാരത്തിന്റെ സമയത്ത് എല്ലാവരും കടകളും മറ്റ് എന്ത് സ്ഥാപനങ്ങൾ ആയാലും അതും അടച്ച് നിസ്കാരിക്കാൻ പോകണം. ആരെങ്കിലും അത് തെറ്റിക്കുന്നുണ്ടോ എന്ന് നോക്കി ചുറ്റിത്തിരിയുന്ന മുത്തവ്വമാർ എല്ലാവർക്കും പേടിസ്വപ്നമായിരുന്നു..
അതൊരു സൗദികൾ മാത്രം താമസിക്കുന്ന സ്ഥലമാണെന്നും ആ പള്ളിയിൽ നിസ്കരിക്കാൻ വരുന്ന 95% ആളുകളും സൗദികൾ ആണ് എന്നും അവിടെ ഒരു വീട്ടിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുന്ന സുബൈറിന് അറിയാമായിരുന്നു.. നിസ്കാരത്തിൽ തന്നെ പിന്തുടരുന്നവർ സൗദികളാണ് എന്ന ചിന്ത ഖുർആൻ വചനങ്ങളോ സൂക്തങ്ങളോ വളരെ കുറച്ച് മാത്രം അറിയുന്ന സുബൈറിനെ പേടിപ്പെടുത്തി..സുബൈർ ഓരോ ഘട്ടം മാറുമ്പോഴും ചൊല്ലേണ്ട സൂക്തങ്ങൾ തൊട്ടു പുറകിലുള്ളവർക്ക് കേൾക്കാൻ പാകത്തിന് ചൊല്ലി..പുറകിൽ നിന്ന് ഒരാൾ അത് ഉച്ചത്തിൽ ഏറ്റ് ചൊല്ലുന്നത് സുബൈറിനെ അലോരസപ്പെടുത്തി..
പ്രായമായ ആരോ ആയിരിക്കും എന്നവൻ സ്വയം ആശ്വസിച്ചു.. നാല് റക്അത്ത് ഉള്ള അസർ നിസ്കാരത്തിന്റെ ഒന്നാം റക്കായത്ത് കഴിഞ്ഞു.. രണ്ടാം റക്അത്തിൽ റുക്കൂഹിൽ ( മുട്ട് മടക്കാതെ ഊര വളച്ച് രണ്ട് കൈകളും മുട്ടിൽ പിടിച്ച് നിൽക്കുക) സുബൈർ ഇടങ്കണ്ണിട്ട് പുറകിലേക്കും വശങ്ങളിലേക്കും നോക്കി.. വെള്ള തോപ്പും തലപ്പാവും അണിഞ്ഞ് താടി നീട്ടി വളർത്തിയവരും ( മുത്തവ്വമാർ ) അല്ലാത്തവരുമായ പത്തിരുപതോളം സൗദികൾക്ക് താനാണ് ഇമാം എന്ന് സുബൈർ മനസ്സിലാക്കി.. മൂന്നാം റക്അത്ത് ആയപ്പോഴേക്കും നിസ്കാരത്തിൽ ശ്രദ്ധിക്കാനാവാതെ, നിസ്കാരം തെറ്റിപ്പോകുമോ എന്നവൻ ഭയപ്പെട്ടു.. അവന് ആകെ അറിയുന്നത് ഖുർആനിലെ ഏറ്റവും ചെറിയ സൂറത്തുകൾ ( അദ്ധ്യായം ) ആണ്..
പള്ളിയിലെ ഇമാമുമാർ ഖുർആനിലെ ദീർഘമുള്ള സൂറത്തുകൾ നാലും അഞ്ചും മിനിറ്റ് എടുത്ത് പാരായണം ചെയ്യുന്നത് സുബൈറിന് അറിയാവുന്നതാണ്.. സൂറത്തുകളും സൂക്തങ്ങളും മനസ്സിൽ ഉരുവിടുന്നത് കൊണ്ട് ഓരോരുത്തരും അവരവർക്ക് ഇഷ്ടപ്പെട്ട സൂറത്തുകളാണ് ഉരുവിട്ടിരുന്നത്.. പത്തോ ഇരുപതോ സെക്കൻഡ് കൊണ്ട് ഓതി തീർക്കാവുന്ന സൂറത്തുകൾ മാത്രം അറിയാവുന്ന സുബൈർ, മറ്റുള്ളവർ ദീർഘമുള്ള സൂറത്താണ് പാരായണം ചെയ്യുന്നതെങ്കിൽ അവർക്ക് സമയം തികയില്ല എന്നോർത്ത് അവനറിയുന്ന ചെറിയ സൂറത്തുകൾ പാരായണം ചെയ്ത് ഒരു മിനിറ്റ് രണ്ടു മിനിറ്റോളം മറ്റുള്ളവർ പാരായണം ചെയ്ത് തീർക്കട്ടെ എന്ന് കരുതി വെറുതെ നിന്നു..എങ്ങിനെയെങ്കിലും നിസ്കാരം ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി എന്നവൻ അകമുരുകി പ്രാർത്ഥിച്ചു.. നാലാമത്തെ റക്കായത്തും കഴിഞ്ഞ് അത്തയ്യാത്തിൽ ( ഇടത്തെ കാൽമുട്ട് വളച്ച് വലത്തോട്ട് ചെരിച്ചുവെച്ച് വലത്തെക്കാല് നേരെ മടക്കി ഇടത്തെ കാലിന്റെ മുകളിൽ കൂടെ വെച്ച് നിലത്ത് പടിഞ്ഞ് ഇരിക്കുക) ഇരുന്ന് “അസ്സലാമു അലൈക്കും വറഹ്മത്തുള്ള” എന്ന് പറഞ്ഞ് തല തോളിന് നേരെ വലത്തോട്ട് തിരിച്ചും “അസ്സലാമു അലൈക്കും വറഹ്മത്തുള്ള” എന്ന് വീണ്ടും പറഞ്ഞ് തല ഇടത്തോട്ടും തിരിച്ച് സുബൈർ നിസ്കാരം അവസാനിപ്പിച്ചു..
അപ്പോളാണ് അവൻ മനസ്സിലാക്കുന്നത് അവന്റെ പുറകിൽ ഇരുപതും അമ്പതും നൂറും പേർ ആയിരുന്നില്ല ഇരുന്നൂറ്റി അൻപത് മൂന്നൂറോളം പേർ ഉണ്ടായിരുന്നുവെന്ന് .. പെട്ടെന്ന് അത് മനസ്സിലാക്കിയ സുബൈറിന് ശരീരമാകെ കുഴയുന്നതുപോലെ തോന്നി.. മിനിറ്റുകളോളം അവിടെത്തന്നെ ഇരുന്ന് അവൻ പടച്ചവനോട് ഒരേസമയം മാപ്പപേക്ഷിക്കുകയും നന്ദി പറയുകയും ചെയ്യുകയായിരുന്നു.. പേടിച്ച് പേടിച്ച് നിസ്കരിച്ചതുകൊണ്ട് തന്റെ നിസ്കാരം ശരിയായില്ല എന്ന് വിചാരിച്ച് പടച്ചവനോട് പൊറുത്തു തരണേ എന്ന് അപേക്ഷിക്കുകയും, തന്റെ പുറകിൽ വലിയ ഒരു ജനാവലി ഉണ്ട് എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ താൻ തലകറങ്ങി വീഴും എന്ന് ഉറച്ച ബോധ്യമുണ്ടായിരുന്ന അവൻ, അത് അവനെ അറിയിക്കാത്തതിന് പടച്ചവനോട് നന്ദിയും പറയുകയായിരുന്നു..കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം Sidhique Patta..



