
ഓമശ്ശേരി : നിസ്വാര്‍ത്ഥമായ സേവന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ നേടിയ ഓമശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹച്ചികോ ആനിമല്‍ റെസ്ക്യൂ ടീമംഗങ്ങളെ ഓമശേരി പഞ്ചായത്ത് ആദരിച്ചു.
മനുഷ്യരുടേയും മിണ്ടാ പ്രാണികളുടേയും വേദനയില്‍ ആശ്വാസം പകര്‍ന്ന് സന്നദ്ധ പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നില്ക്കുന്ന ഓമശേരിയിലെ നാലംഗ സംഘത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പതിനാലു ജില്ലകളിലും പടര്‍ന്നു കിടക്കുന്ന രണ്ടായിരത്തോളം പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഹച്ചികോ ആനിമല്‍ റെസ്ക്യൂ ടീം.
പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആദരിക്കല്‍ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം. രാധാമണി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് യൂനുസ് അമ്പലക്കണ്ടി ഹാച്ചികോ സംഘത്തെ പരിചയപ്പെടുത്തി. കഴിഞ്ഞ ദിവസം മണാശേരിയില്‍ നടന്ന അപകടത്തില്‍ ദാരുണമായി മരണപ്പെട്ട സാമൂഹ്യ പ്രവര്ത്തകന് ബേബി പെരുമാലിയുടെ ജീവന് രക്ഷിക്കുന്നതിന് ഹച്ചികോ സംഘം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു.
കവളപ്പാറ, പുത്തുമല എന്നിവിടങ്ങളിലെ പ്രകൃതി ദുരന്തങ്ങളിലുള്പ്പടെ മികച്ച സന്നദ്ധ സേവനം നടത്തിയ ഹച്ചികോ ടീമംഗം പി.കെ.പ്രജീഷിന് കാസര്‍ഗോഡ് കണ്ണാടിപ്പാറ സൈമണ്‍ ബ്രിട്ടോ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരം ഏറ്റുവാങ്ങി തിരിച്ചു വരുമ്പോഴാണ് അര്‍ധരാത്രിയില്‍ മണാശേരിയിലെ അപകടം ശ്രദ്ധയില്‍ പെടുന്നത്.
കെഎസ്ആര്‍ടിസി ബസിലായിരുന്ന ഇവര്‍ അപകട സ്ഥലത്ത് ഇറങ്ങിയാണ് ആരുമില്ലാതെ ഗുരുതരമായി പരിക്കേറ്റു കിടന്ന ബേബിയെ പ്രാഥമിക ശുശ്രൂഷ നല്കി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. മനുഷ്യരുടേയും മൃഗങ്ങളുടേയും വേദനയോട് ചേര്‍ന്നു നിന്ന് അവര്‍ക്കായി ജീവിതം സമര്‍പ്പിക്കുന്ന യുവാക്കള്‍ തങ്ങള്‍ക്ക് ഹൃദ്യമായ സ്വീകരണമൊരുക്കിയ ഓമശേരി പഞ്ചായത്ത് ഭരണസമിതിക്ക് നന്ദി അറിയിച്ചു.
സേവന രംഗത്ത് കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവുമാണ് ഈ അംഗീകാരമെന്ന് അവര്‍ പറഞ്ഞു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് സൈനുദ്ദീന്‍ കൊളത്തക്കര, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഒ.പി. സുഹറ, പഞ്ചായത്തംഗങ്ങളായ കെ. ആനന്ദ കൃഷ്ണന്, പി.കെ. ഗംഗാധരന്, എം. ഷീജ ബാബു, സി.എ. ആയിഷ ടീച്ചര്‍, മൂസ നെടിയേടത്ത്, സീനത്ത് തട്ടാഞ്ചേരി, പഞ്ചായത്ത് സെക്രട്ടറി ദീപു രാജു, അസിസ്റ്റന്റ് സെക്രട്ടറി പി.എം.മധു സൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.


