
വയനാട് തുരങ്കപാതപാതയുമായി ബന്ധപ്പെട്ട് ആളുകളുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ ആവശ്യമായ എല്ലാ പുനരധിവാസ നടപടികളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ചെറുവണ്ണൂർ മറീന കൺവെൻഷൻ സെന്ററിൽ നടന്ന മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതിക്ക് കോഴിക്കോട്, വയനാട് ജില്ലകളിലായി 19.59 ഹെക്ടർ ഭൂമിയാണ് ആവശ്യം. ഈ വർഷം ഡിസംബറിനു മുൻപായി പരിസ്ഥിതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2,043 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.
കോഴിക്കോട് ജില്ലയിൽ 19(1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച് കഴിഞ്ഞു. ഇനി അവാർഡ് സ്റ്റേജ് ആണെന്നും ഒരു മാസം കൊണ്ട് എൻക്വയറി നടപടികൾ പൂർത്തിയാവുമെന്നും ജില്ലാ കലക്ടർ എ. ഗീത യോഗത്തെ അറിയിച്ചു.



