
തിരുവമ്പാടി:ഊണുകഴിച്ച് വീടിന്റെ കോലായയിൽ വിശ്രമിക്കവെയാണ് കാളിയാമ്പുഴ സ്വദേശി ഷിജു തോമസ് വലിയ ശബ്ദവും കൂട്ടനിലവിളിയും കേൾക്കുന്നത്. ഉടനെ ബൈക്കെടുത്ത് ശബ്ദംകേട്ട ഭാഗത്തേക്ക് കുതിച്ചു. കാളിയാമ്പുഴയിൽക്കണ്ട കാഴ്ച ഭീതിജനകമായിരുന്നെന്ന് ഷിജു പറയുന്നു. തലകീഴായി മറിഞ്ഞുകിടക്കുന്ന കെ.എസ്.ആർ.ടി.സി. ബസിൽ, ജീവനുവേണ്ടി നിലവിളിക്കുന്ന കുറെ മനുഷ്യർ! പിന്നീടൊന്നും ചിന്തിച്ചില്ല. നേരേ പുഴയിലേക്കുചാടി. അപ്പോഴേക്കും പള്ളിപ്പടി സ്വദേശികളായ കൃഷ്ണൻ, ബാബു, സജി, ബിനു തുടങ്ങിയവരും അവിടെയെത്തി. തിരുവമ്പാടി-ആനക്കാംപൊയിൽ റോഡ് നവീകരണപ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന മറുനാടൻ തൊഴിലാളികൾകൂടി കുതിച്ചെത്തിയതോടെ രക്ഷാപ്രവർത്തനം വേഗത്തിലായി.ബസ് പുഴയിലേക്ക് മുൻഭാഗം കുത്തി വീണതിനാൽ യാത്രക്കാരിൽ ഭൂരിഭാഗവും ഡ്രൈവറുടെ സീറ്റിനു സമീപത്തേക്ക് തെറിച്ചുവീണിരുന്നു. പലർക്കും ബോധം നഷ്ടമായിരുന്നു. പുഴയിൽ ഒരാൾപൊക്കത്തിൽ വെള്ളമുണ്ടായിരുന്നെന്ന് ഷിജു പറഞ്ഞു. വെള്ളത്തിൽ കിടന്നവരെ രക്ഷിക്കാനാണ് ആദ്യം ശ്രമിച്ചത്. മുപ്പതടിയോളം താഴ്ചയിൽനിന്ന് രക്ഷാപ്രവർത്തകരുടെ കരങ്ങളിലൂടെ അവർ ജീവിതത്തിലേക്ക് തിരിച്ചുകയറി.
വിവരമറിഞ്ഞ് മുക്കം അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റും ആംബുലൻസുകളുമായി സന്നദ്ധസേനാംഗങ്ങളും സംഭവസ്ഥലത്തെത്തിയിരുന്നു. നാട്ടുകാരുടെ കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും ആംബുലൻസുകളും റോഡരികിൽ വരിവരിയായിനിന്നു. ബസിൽനിന്നു പുറത്തെത്തിച്ച യാത്രക്കാരുമായി വാഹനങ്ങൾ ആശുപത്രിയിലേക്ക് കുതിച്ചു.അപകടംനടന്ന് ഒരു മണിക്കൂറാകുംമുൻപേ രക്ഷാപ്രവർത്തനം പൂർത്തിയായിരുന്നു. സാധാരണ ദിവസങ്ങളിൽ ബസിന്റെ ഈ സമയത്തെ ട്രിപ്പിൽ ഇത്രയും യാത്രക്കാരുണ്ടാകാറില്ല. പള്ളിപ്പടി ബഥാനിയ ധ്യാന കേന്ദ്രത്തിൽ അഖണ്ഡജപമാലയിൽ പങ്കെടുത്ത് മടങ്ങുന്നവരും യാത്രക്കാരിലുണ്ടായിരുന്നു.



