
കോഴിക്കോട്: കോഴിക്കോടിന്റെ മൈതാനത്ത് നാളെ മുതൽ തീപ്പൊരി ചിതറും. ജില്ലാ സ്കൂൾ കായികമേളയ്ക്ക് നാളെ മെഡിക്കൽ കോളജ് ഒളിംപ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമാവും. 23നു സമാപിക്കും. 17 ഉപജില്ലകളിൽനിന്ന് 3500 കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമാണ് കായികമേളയ്ക്കായി എത്തുന്നത്. ആറു വിഭാഗങ്ങളിലായി 102 മത്സര ഇനങ്ങളാണ് നടത്തുക.
നവംബർ 4 മുതൽ 11 വരെ എറണാകുളത്തു നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിംപിക്സിനു മുന്നോടിയായാണ് ജില്ലാ കായികമേള നടത്തുന്നത്.അനേകം ദേശീയ താരങ്ങളെ സൃഷ്ടിച്ച ചരിത്രമാണ് സ്കൂൾ കായികമേളയ്ക്കുള്ളത്. ഇനിയും തിരുത്തപ്പെടാത്ത റെക്കോർഡുകൾ പിറന്നത് സ്കൂൾ കായികമേളകളിലാണ്. അത്‌ലറ്റിക്സ്, അക്വാറ്റിക്, ഗെയിംസ് മത്സരങ്ങളാണ് കായികമേളയുടെ ഭാഗമായുള്ളത്. ഇതിൽ ഗെയിംസ് മത്സരങ്ങൾ ജൂലൈ മുതൽ നടന്നുവരികയാണ്. അത്‌ലറ്റിക്സ് മത്സരങ്ങളാണ് നാളെ മുതൽ 23 വരെ നടക്കാനിരിക്കുന്നത്. ഉമ്മത്തൂർ എസ്ഐ ഹയർ സെക്കൻഡറി സ്കൂളിലെ പരേതനായ കായിക അധ്യാപകൻ വള്ളിയോട് പി.അലിയുടെ വീട്ടിൽനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം നാളെ രാവിലെ എട്ടിന് മെഡിക്കൽ കോളജ് ഒളിംപ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ എത്തും
ഇതോടെ മത്സരങ്ങൾക്കു തുടക്കമാവും. രാവിലെ 9ന് വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ് കുമാർ പതാക ഉയർത്തും. രാവിലെ 10ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കായിക മേള ഉദ്ഘാടനം ചെയ്യും. 23ന് വൈകിട്ട് 3.30ന് സമാപന സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്നും ഡിഡിഇ സി.മനോജ് കുമാർ, ജില്ലാ സ്പോർട്സ് സെക്രട്ടറി പി.സി ദിലീപ് കുമാർ, ഡിയ കൺവീനർ ഐ.സൽമാൻ തുടങ്ങിയവർ പറഞ്ഞു.



