LOCAL NEWS

വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിനു തുടക്കമായി മാലിന്യം വലിച്ചെറിഞ്ഞാൽ കനത്തപിഴ – മന്ത്രി എം.ബി. രാജേഷ്

ഫോട്ടോയെടുക്കാം, കാശു നേടാം

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴയീടാക്കുമെന്നു തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഇതിനായുള്ള ക്യാമറാനിരീക്ഷണവും മറ്റു പരിശോധനകളും കർശനമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹ
കേരളം മാലിന്യമുക്തമാകുന്നതിന് ആദ്യം വേണ്ടത് വലിച്ചെറിയൽ മുക്തമാകുകയാണ്. നമ്മുടെ നാട് പലതിലും മാതൃകയാണെങ്കിലും ഇക്കാര്യത്തിൽ അങ്ങനെയല്ല. കുടിവെള്ളക്കുപ്പിയോ ഭക്ഷണാവശിഷ്ടങ്ങളോ പേപ്പറുകളോ കവറുകളോ എന്തും ആവശ്യംകഴിയുന്ന ഉടനേ വലിച്ചെറിയുക എന്നതാണ് പലരുടെയും ശീലം. ഇത് ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ച പ്രവണതയല്ല. മാലിന്യങ്ങൾ എത്ര വലുതായാലും ചെറുതായാലും ബിന്നുകളിൽ ഇടുകയോ വീടുകളിൽ കൊണ്ടുപോയി ഹരിതകർമസേനാംഗങ്ങൾക്ക് കൈമാറുകയോ വേണം. എന്നാൽ ഇതിന് ബോധവത്കരണം മാത്രം പോരാ. അതുകൊണ്ട് നിയമനടപടികളും ശക്തമാക്കുകയാണ്. മാലിന്യം വലിച്ചെറിയുന്നതിനുള്ള ശിക്ഷ ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ഏതൊരു പാഴ് വസ്തു വലിച്ചെറിഞ്ഞാലും പതിനായിരം രൂപവരെ പിഴ ഈടാക്കാം. ജലാശയങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിന് മുനിസിപ്പൽ-പഞ്ചായത്തിരാജ് ആക്ടുകൾ പ്രകാരം  ഒരു ലക്ഷം രൂപവരെ പിഴയും തടവുശിക്ഷയും ലഭിക്കാം.

ഇക്കാര്യങ്ങളുടെ ബോധവത്കരണത്തിനാണ് പ്രത്യേകമായി വലിച്ചെറിയൽ വിരുദ്ധ ക്യാമ്പയിൻ നടത്തുന്നത്. അതിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാരും ഇരുപതിനായിരത്തിൽപരം മെമ്പർമാരും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനകീയ സംഘടനകളുമുൾപ്പെടെ എല്ലാവരും പങ്കെടുക്കും. നാട് വൃത്തിയാക്കാനുള്ള ഈ ഉദ്യമത്തിൽ എല്ലാവരുടെയും പങ്കാളിത്തമുണ്ടാകണമെന്ന് മന്ത്രി അഭ്യർഥിച്ചു.

നേരത്തെ മന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാഫല്യം കോംപ്ലക്‌സിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി വലിച്ചെറിയൽ വിരുദ്ധ സന്ദേശം നല്കി. പാളയത്ത് പുതുതായി സ്ഥാപിച്ച ബിന്നുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

മേയർ ആര്യ രാജേന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗായത്രി ബാബു, നവകേരളം മിഷൻ കോർഡിനേറ്റർ ഡോ.ടി.എൻ. സീമ, തദ്ദേശഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി  ടി.വി.അനുപമ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്,  കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെൻറ് പ്രോജക്ട് ഡയറക്ടർ ദിവ്യ എസ് അയ്യർ, ശുചിത്വ മിഷൻ ഡയറക്ടർമാരായ  ഗംഗ ആർ.എസ്, കവിത എസ്, നീതുലാൽ ബി,  കോർപ്പറേഷൻ സെക്രട്ടറി എസ്. ജഹാംഗീർ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോയെടുക്കാം, കാശു നേടാം

മാലിന്യം വലിച്ചെറിയുന്ന നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾക്കും അവസരം. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ് വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ, വീഡിയോയോ പൊതുജനങ്ങൾക്ക് 9446 700 800 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കാം. ആളെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ വണ്ടിനമ്പർ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ ആവണം ഇത് അയക്കേണ്ടത്. ഇത്തരം നിയമലംഘനങ്ങൾ പരിശോധിച്ച് 10000 രൂപ ശിക്ഷ ഈടാക്കിയാൽ അതിൽ 2500 രൂപ വിവരമറിയിച്ച ആളിന് ലഭിക്കും. ഈ സൗകര്യം ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾ പരമാവധി മുന്നോട്ടുവരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com