
ജനുവരി ഒന്ന് ഒരോർമ്മ..
മുപ്പത്തിയൊന്നാം തീയതി ഞായറാഴ്ച ആയിരുന്നതിനാൽ കടയുടെ വാടക കുടിശ്ശിക ബാങ്കിലെ പിരിവുകാരനായ ശരീഫിനോട് ഒന്നാം തീയതി രാവിലെ വന്ന് വാങ്ങാൻ പറഞ്ഞു..
വർഷാവസാനമല്ലേ?, നീട്ടിക്കൊണ്ടുപോകാൻ പറ്റില്ല. ഒന്നാം തീയതി രാവിലെ കുടിശ്ശികയുണ്ടായിരുന്ന അയ്യായിരത്തി ഒരുന്നൂറ് രൂപ ശരീഫിന് കൊടുത്തു..
എല്ലാ മാസവസാനവും രണ്ടായിരത്തിയഞ്ഞൂറ് രൂപ അടയ്ക്കേണ്ട ചിട്ടിക്ക് പണം അടച്ചിട്ടില്ല..
ഒരു ആഴ്ച അവധി പറഞ്ഞ് വാങ്ങിയ അയ്യായിരം രൂപ എന്റെ ഒരു സുഹൃത്തിനും കൊടുക്കാനുണ്ട്..
രണ്ടുമാസമായി വീടിന്റെ വാടക കൊടുത്തിട്ടില്ല..
ശബരിമലയ്ക്ക് പോകാനായി മാലയിട്ട തമിഴ്നാട്ടുകാരനായ രഘുപതി ജോലി ചെയ്ത് കിട്ടുന്ന കാശ് എന്റെ കയ്യിൽ തന്ന് മലയ്ക്ക് പോകുമ്പോൾ തന്നാൽ മതി എന്ന് പറഞ്ഞിരുന്നു..
ജനുവരി രണ്ടാം തീയതിയാണ് അവൻ മലക്ക് പോകുന്നത്..
അയ്യായിരം രൂപയോളം അവന് കൊടുക്കാനുണ്ട്..
കടയിലേക്കും വീട്ടിലേക്കും പലചരക്ക് സാധനങ്ങൾ വാങ്ങിയതിന്റെ പൈസ ഏഴായിരത്തിഅഞ്ഞൂറോളം രൂപ കേരള സ്റ്റോഴ്സിൽ കൊടുക്കാനുണ്ട്..
ഡിസംബർ മുപ്പതാം തീയതി ആ കടയുടമ “ശനിയാഴ്ചയാണ് ഒരുപാട് സപ്ലെയർക്ക് കാശുകൊടുക്കാനുണ്ട്. കാശ് എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു” എന്ന് വാട്സപ്പിൽ മെസ്സേജ് അയച്ചിരുന്നു..
പിറ്റേന്ന് ഞായറാഴ്ച ഞാൻ അവന്റെ കടയിൽ സാധനം വാങ്ങാൻ പോയപ്പോൾ, അവൻ കാശിന്റെ കാര്യം സൂചിപ്പിച്ചപ്പോൾ തന്നെ നാലഞ്ചു ദിവസം കൂടി കഴിഞ്ഞിട്ടേ തരാനാവു എന്ന് ഞാൻ പറഞ്ഞു. ഞാൻ അവനോട് സ്റ്റേറ്റ്മെന്റ് വാട്സപ്പ് ചെയ്യാൻ പറഞ്ഞു. അപ്പോഴാണ് അവൻ ശനിയാഴ്ച വാട്സ്ആപ്പ് ചെയ്തിരുന്നു എന്ന് ഞാൻ അറിയുന്നത് ..
പത്തര മണിയാവുമ്പോഴേക്കും മിൽമയുടെ പാല് വണ്ടി വരും. ഏഴായിരം രൂപയോളം അവർക്കും കൊടുക്കണം. അവിടെ കടം അനുവദിക്കില്ല. നാളത്തെ പാലിനും പാലുൽപ്പന്നങ്ങൾക്കും ഉള്ള കാശ് ഇന്നേ അടയ്ക്കണം..
കടയുടെ വാടക കുടിശ്ശിക കൊടുത്തതിന്റെ ബാക്കി മുവ്വായിരം രൂപയോളം ബാക്കിയുണ്ട്..
പാലുവണ്ടി വരുന്നതുവരെയുള്ള കച്ചവടം രണ്ടായിരം രൂപയോളം ഉണ്ടാകും.
എന്നാലും രണ്ടായിരത്തിയഞ്ഞൂറോളം രൂപ എവിടുന്നെങ്കിലും കടം വാങ്ങി പാൽക്കാരന് തീർത്തു കൊടുക്കണം..
എനിക്ക് ഡിസംബർ ഇരുപത്തിയഞ്ചാം തീയതി ലഭിക്കേണ്ട, ഭാര്യയുടെ കുടുംബശ്രീ യൂണിറ്റിൽ നിന്ന് ലോണായി തരാം എന്ന് പറഞ്ഞ കാശ്, ജനുവരി മൂന്നാം തീയതിയിലേക്കാവുകയും ചെയ്തു..
ഇതിലും കോംപ്ലിക്കേറ്റഡ് ആയ പല അവസരങ്ങളും തരണം ചെയ്തിട്ടുള്ള എനിക്ക്, ഇതൊന്നും അത്രയ്ക്ക് പ്രശ്നമുള്ളതായി തോന്നിയില്ല..
പത്തോ പതിനയ്യായിരമോ ഒരു രണ്ടുദിവസത്തേക്ക് തിരുമറി ചെയ്യണം..
ഖത്തറിലെ ബിസിനസ് പൊട്ടി പൊളിഞ്ഞ് കുത്തുപാളയെടുത്ത് ഒരു ജോലിയോ വരുമാനമോ മറ്റെന്തെങ്കിലും സമ്പാദ്യമോ ഇല്ലാതെ, സുഹൃത്തിനോടും അവന്റെ ജ്യേഷ്ഠനോടും അങ്ങിനെ പലരോടും കടം വാങ്ങിയിരുന്നെങ്കിലും അവർക്ക് പരസ്പരം ഒന്ന് സംസാരിക്കാൻ പോലും അവസരം കൊടുക്കാതെ, അതെല്ലാം ഭംഗിയായിട്ട് പര്യവസാനിപ്പിച്ച എനിക്ക് ഇതൊക്കെ വളരെ നിസ്സാരമായിട്ടാണ് തോന്നിയത്..
ഒന്നുമില്ലാത്ത സമയത്ത് പതിനായിരങ്ങളും ലക്ഷങ്ങളും തിരുമറി ചെയ്യാൻ കഴിഞ്ഞിരുന്ന എനിക്ക്, ഇപ്പോൾ തിരുവമ്പാടി ബസ്റ്റാൻഡിൽ അത്യാവശ്യം കച്ചവടമുള്ള ഒരു സ്ഥാപനം ഉള്ളതുകൊണ്ട് പതിനായിരമോ അന്പതിനായിരമോ തിരുമറി ചെയ്യാൻ മണിക്കൂറുകൾ മതി എന്ന അഹങ്കാരവും എനിക്ക് ഉണ്ടായിരുന്നു..
ചുറ്റുവട്ടത്തുള്ള കടക്കാരോടും കടയിൽ വരുന്ന പരിചയക്കാരോടും കടയോട് ചേർന്നുള്ള ഓട്ടോറിക്ഷ തൊഴിലാളികളോടും വളരെ എളുപ്പത്തിൽ തിരുമറി ചെയ്യാമെന്നും ഞാൻ കരുതി..
പത്തേമുക്കാലോട് കൂടി പാല് വണ്ടി വന്നു.
ആയിരത്തിഅഞ്ഞൂറ് രൂപയുടെ കുറവുണ്ട്..
ഒരു മണിക്കൂറോ രണ്ടുമണിക്കൂറോ കഴിഞ്ഞ് കൊടുക്കാം എന്ന് കരുതി അടുത്തുള്ള കടക്കാരനോട് പോയി ചോദിച്ചു..
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന പുരോഗമന ചിന്താഗതിക്കാരനായ അദ്ദേഹം ചിരിച്ചുകൊണ്ട് ആണെങ്കിലും അല്പം ഗൗരവത്തോടെ എന്നോട് പറഞ്ഞു,
“ഇന്ന് ഒന്നാം തീയതി അല്ലേ?, പുതുവർഷത്തിന്റെ ആദ്യദിവസം ആരെങ്കിലും കടം കൊടുക്കുമോ? “..
അങ്ങനെയൊരു കാര്യത്തെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാതിരുന്ന ഞാൻ പെട്ടെന്ന് വല്ലാതെയായി,
“ഹോ, ഞാനത് മറന്നു. ക്ഷമിക്കണം” എന്ന് പറഞ്ഞ് ഒരു കൃത്രിമ ചിരി പാസാക്കിക്കൊണ്ട് ഞാൻ തിരിച്ച് പോന്നു..
എന്നെ വളരെ അടുത്തറിയുന്ന അദ്ദേഹം ഞാൻ കട തുടങ്ങിയ അന്നുമുതൽ പറയുന്നതാണ് പൈസയ്ക്ക് ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത് എന്ന്..
ഒരു ദിവസത്തേക്കോ ഒന്നോ രണ്ടോ മണിക്കൂർ നേരത്തേക്കോ ഞാൻ ചോദിച്ചപ്പോൾ ഒന്നും അദ്ദേഹം ഇല്ല എന്ന് പറഞ്ഞിരുന്നില്ല..
അദ്ദേഹം ഇല്ല എന്നാണ് പറഞ്ഞിരുന്നെങ്കിൽ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുകയില്ലായിരുന്നു..
ഏത് കോടീശ്വരന്റെ അടുത്തും ചില സമയങ്ങളിൽ കയ്യിൽ കാശ് ഉണ്ടാവണമെന്നില്ല..
ഡിഗ്രി വിദ്യാഭ്യാസവും പുരോഗമന ചിന്തയും വെച്ച് പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ, ഒന്നാം തീയതി കടം കൊടുത്താൽ നാശങ്ങൾ സംഭവിക്കും എന്ന വിശ്വാസം എന്നെ ആശ്ചര്യപ്പെടുത്തി..
ആയിരത്തിയാഞ്ഞൂറ് രൂപ ഗൂഗിൾ പേ ചെയ്യാം എന്ന് പറഞ്ഞ് പാൽ വണ്ടിക്കാരനെ പറഞ്ഞുവിട്ടു..
കുറച്ചു സമയങ്ങൾക്ക് ശേഷം കടയിൽ ലോട്ടറി ടിക്കറ്റുമായി വന്ന കണ്ണനോട്, രാവിലത്തെ സംഭവം പറഞ്ഞപ്പോൾ ( ആളെ പറഞ്ഞില്ല) അവൻ പറഞ്ഞത്,
“ആരെങ്കിലും ഒന്നാം തീയതി കടം കൊടുക്കുമോ” എന്നാണ്..
പല ദിവസങ്ങളിലും കണ്ണനോടും ലോട്ടറി കച്ചവടം ചെയ്യുന്ന ബാലനോടും ഞാൻ കാശ് തിരുമറി ചെയ്യാറുണ്ട്. അവർക്ക് ഉച്ചയ്ക്ക് മൂന്നുമണിക്ക് മുമ്പ് കാശ് കൊടുത്താൽ മതി. ഒരിക്കലും ഞാനത് തെറ്റിച്ചിരുന്നില്ല. മറ്റു പല സഹായങ്ങളും ഞാൻ അവർക്ക് ചെയ്യുന്നത് കൊണ്ട് ഞാൻ ചോദിക്കാതെ തന്നെ കാശ് വേണോ എന്ന് അവർ എന്നോട് ചോദിക്കാറുണ്ടായിരുന്നു..
കണ്ണന്റെ ആ വർത്തമാനം കേട്ടതോടെ ഞാൻ പിന്നെ ആരോടും കാശ് ചോദിച്ചില്ല..
വൈകുന്നേരം കച്ചവടം ചെയ്ത പൈസയിൽ നിന്ന് ചിട്ടിയുടെ കാശ് അടച്ചു..
സുഹൃത്തിനോടും രഘുപതിയോടും രാവിലെ മതി എന്ന് സമ്മതിപ്പിച്ചു..
വീടിന്റെ വാടക പിന്നീട് കൊടുക്കാം എന്ന് തീരുമാനിച്ചു..
വൈകുന്നേരം മകൻ വന്നതിന് ശേഷം ഞാൻ കടയിൽ നിന്നിറങ്ങി തങ്കച്ചൻ ചേട്ടന്റെ കടയിൽ പോയിരുന്ന് രാവിലത്തെ വിശേഷം പറഞ്ഞപ്പോഴാണ് അദ്ദേഹം പറഞ്ഞത് ഒന്നാം തീയതി ആളുകൾ സാധനം വാങ്ങുന്നത് തന്നെ വളരെ കുറവാണ് എന്ന്..
എല്ലാ ജനുവരി ഒന്നാം തീയതിയും മറ്റു ദിവസങ്ങളെ അപേക്ഷിച്ച് കച്ചവടം കുറവായിരിക്കുമെന്ന് വർഷങ്ങളായി കച്ചവടം ചെയ്യുന്ന അദ്ദേഹം അനുഭവത്തിന്റെ വെളിച്ചത്തിൽ സാക്ഷ്യപ്പെടുത്തി..
നമ്മുടെ മലയാളികൾക്കിടയിലും ഇത്തരത്തിലുള്ള അന്ധവിശ്വാസമോ?, എനിക്ക് ആശ്ചര്യമായി തോന്നി..
ഞാൻ തങ്കച്ചൻ ചേട്ടനോട് ചോദിച്ചു,
“ഒന്നാം തീയതി കടം കൊടുത്താൽ അയാൾ എല്ലാ ദിവസവും കടം കൊടുക്കേണ്ടിവരും എന്ന വിശ്വാസമാണ് അയാളെ കടം കൊടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. സത്യത്തിൽ ആ വിശ്വാസം ശരിയാണെങ്കിൽ അത് അയാൾക്ക് നഷ്ടമല്ലേ?, എല്ലാ ദിവസവും ആർക്കെങ്കിലും കടം കൊടുക്കണമെങ്കിൽ ( വെറുതെയല്ല ) അയാൾ വീണ്ടും വീണ്ടും സമ്പന്നനാകണം, അതുകൊണ്ട് കടം കൊടുക്കുന്നതല്ലേ നല്ലത്?”..
“ഒന്നാം തീയതി സുഭിക്ഷമായി ഭക്ഷണം കഴിച്ചാൽ എല്ലാ ദിവസവും അങ്ങനെ ആവും എന്ന് പേടിച്ചാണ് ആളുകൾ സാധനങ്ങൾ വാങ്ങാതിരിക്കുന്നത്. അവരുടെ വിശ്വാസം ശരിയാണെങ്കിൽ ഒന്നാം തീയതി സുഭിക്ഷമായി വാങ്ങിയാൽ ബാക്കി എല്ലാ ദിവസങ്ങളിലും വാങ്ങാനുള്ള സമ്പത്ത് അവർക്ക് അധികരിക്കുകയല്ലേ ചെയ്യുക?”..
വെള്ളിമൂങ്ങയും ഇതുതലമൂരിയും ഒരു തരം ചെടിയും അത്തരത്തിലുള്ള പലതും സമ്പത്ത് അധികരിക്കാൻ സഹായകമാകും എന്ന അന്ധവിശ്വാസം മുറുകെപ്പിടിച്ച് ജീവിക്കുന്നവരുടെ കഥകൾ പരിഹാസരൂപേണ പറഞ്ഞത് ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന തോമസ് കുട്ടിയാണ്..
ഓരോ അന്ധവിശ്വാസങ്ങളുടെയും കഥകൾ പറയുന്നതിന്റെ ഇടയ്ക്കാണ് അപ്പുറത്തെ കടയിലെ ഷാഫി അക്ഷയതൃതീയയെ പറ്റി പറഞ്ഞത്..
ഏതോ ഒരു ഇന്റർവ്യൂവിൽ ആലുക്കാസ് ജ്വല്ലറിയുടെ മുതലാളി ആണത്രേ അത് പറഞ്ഞത്..
ജ്വല്ലറി മേഖലയിൽ ജോലിചെയ്യുന്ന ചിലർ അക്ഷയതൃതീയ എന്ന ഒരു പേര് ഉണ്ടാക്കി ഈ സമയങ്ങളിൽ സ്വർണ്ണവും പവിഴവും മുത്തും വാങ്ങിയാൽ സമ്പത്തും ഐശ്വര്യവും കുമിഞ്ഞുകൂടും എന്ന് പരസ്യം കൊടുത്തു..
പ്രശസ്തരെയും സെലിബ്രിറ്റികളെയും വെച്ചുള്ള പരസ്യം ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചു..
വർഷങ്ങൾ കഴിയുന്നതിനനുസരിച്ച് മറ്റുള്ള ദിവസങ്ങളേക്കാൾ അമ്പതും നൂറും ഇരട്ടിയാണ് സമ്പത്തും ഐശ്വര്യവും വർദ്ധിക്കുമെന്ന് വിശ്വസിച്ച് ജനങ്ങൾ അക്ഷയതൃതീയ ദിനങ്ങളിൽ സ്വർണ്ണവും വെള്ളിയും മുത്തും പവിഴവും വാങ്ങിക്കൂട്ടുന്നത്..
വിദ്യാഭ്യാസത്തിലും ജീവിത നിലവാരത്തിലും മുന്നിൽ നിൽക്കുന്ന നമ്മുടെ കേരളത്തിൽ ഇത്തരം അന്ധവിശ്വാസങ്ങളൊക്കെ സജീവമായി നില നിൽക്കുമ്പോൾ, അക്ഷരാഭ്യാസമോ പൊതു അറിവോ, അനുഭവജ്ഞാനമോ ഇല്ലാത്ത ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും?..
കഥയും കഥാപാത്രങ്ങളും തികച്ചും ആകർഷകം മാത്രം Sidhique Patta..



