
ഡിഗ്രി, എന്റെ മക്കൾക്കൊരു കത്ത്…
93 ലാണ് ഞാൻ എസ്എസ്എൽസി കഴിഞ്ഞത്..
അന്നൊക്കെ തുടർപഠനം, പ്രീ ഡിഗ്രിയും ഡിഗ്രിയും, ഒരുപാട് സാധ്യതകൾ തുറന്നിട്ടിരുന്നു..
അധ്യാപകവൃത്തിക്കോ ഗവൺമെന്റ് ജോലിക്കോ മറ്റ് വൈറ്റ് കോളർ ജോബിനോ അവസരങ്ങൾ ഒരുപാടുണ്ടായിരുന്നു..
സമൂഹത്തിലും ഒരു നിലയും വിലയുമൊക്കെ ഉണ്ടായിരുന്നു..
തുടർപഠനത്തിന് യോഗ്യത നേടുന്നത് തന്നെ കുറഞ്ഞ ശതമാനമാളുകൾ മാത്രമായിരുന്നു..
ഇന്നിപ്പോൾ, ഒരു 21,22വയസ്സ് പ്രായമുള്ള ഏതൊരു ആൺകുട്ടിയോടോ പെൺകുട്ടിയോടൊ ചോദിച്ചാൽ പറയുന്നത് “ഡിഗ്രി കഴിഞ്ഞു, ഇനി എന്തെങ്കിലും അഡിഷണൽ കോഴ്സ് ചെയ്യണം” എന്നാണ്…
ടാലിയോ, കമ്പ്യൂട്ടറോ ആണ് അതിൽ മുന്നിട്ട് നിൽക്കുന്നത്. ആറുമാസം മുതൽ ഒരു വർഷം വരെയുള്ള കോഴ്സ്..
എന്റെയൊക്കെ കാലത്ത് തുടർ പഠനത്തിന് യോഗ്യത നേടിയിരുന്നത് ഇരുപത്തിയഞ്ചോ മുപ്പതോ ശതമാനം മാത്രമായിരുന്നെങ്കിൽ, ഇന്നിപ്പോൾ നൂറിൽ നൂറ് ശതമാനമാണ്..
എഴുപതോ എൺപതോ ശതമാനം അവസരങ്ങൾ ഉണ്ടായിരുന്നത്, ഇന്നിപ്പോൾ അഞ്ചു മുതൽ പത്തു ശതമാനം മാത്രമാണ്..
അതായത്, നൂറിൽ ആദ്യത്തെ അഞ്ചോ പത്തോ പേർക്ക് മാത്രമേ അവസരമുള്ളൂ എന്ന്..
പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പോകുന്ന ഭൂരിപക്ഷം പേരും പ്രൈവറ്റ് കോളേജിൽ ഫീസ് കൊടുത്തു പഠിക്കുന്നു..
ഒരു സെമസ്റ്ററിന് ( അഞ്ചുമാസം ) ഇരുപതിനായിരവും ഇരുപത്തയ്യായിരവും മുപ്പത്തിനായിരവുമൊക്കെ ഫീസ് കൊടുക്കുന്നു..
വണ്ടിക്കൂലിയും ഡ്രസ്സും മറ്റു ഫീസുകളും ഫുഡും, അത് വേറെയും..
25000 രൂപ സെമസ്റ്റർ ഫീസ് കൊടുത്ത് പഠിക്കുന്ന ഒരു കുട്ടിക്ക് ഒരു മാസം 10000 മുതൽ 12000 വരെ ചിലവ് വരും..
350, 400 രൂപയോളം ഒരു ദിവസം..
ഡിഗ്രി കഴിയുമ്പോഴേക്കും രണ്ടര മൂന്നു ലക്ഷം രൂപ..
അവർ ഡിഗ്രി പാസായി..
ഇനി എന്തെങ്കിലും അഡിഷണൽ കോഴ്സിന് പോകണം എന്ന് പറഞ്ഞ്, ലക്ഷ്യബോധമില്ലാതെ നിൽക്കുന്നു..
പ്ലസ് ടു കഴിയുമ്പോഴേക്കും കുട്ടികളുടെ അഭിരുചി മനസ്സിലാക്കാൻ നമ്മൾ രക്ഷിതാക്കൾക്കും അധ്യാപകർക്കും കഴിയണം..
ഡിഗ്രിക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരാൾ, തന്റെ പഠനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണം..
പഠിച്ച് ഈ ഡിഗ്രി എടുത്താൽ, സാധ്യതകൾ ഇന്നതാണ്, ഇന്നതല്ല എന്ന് മനസ്സിലാക്കാൻ കഴിയണം..
അഞ്ചോ പത്തോ പേർക്ക് മാത്രം സാധ്യതയുള്ള ഈ ഡിഗ്രി കൊണ്ട് എനിക്കെന്താണ് പ്രയോജനം, അതുവഴി കുടുംബത്തിനും നാടിനും രാജ്യത്തിനും എന്താണ് ഗുണം എന്ന് ചിന്തിക്കാൻ കഴിയണം..
നമ്മൾ സാധാരണയായി പറയാറുള്ള ഒരു കാര്യമാണ്, ഡിഗ്രി എടുത്താൽ, അല്ലെങ്കിൽ തുടർന്ന് പഠിച്ചാൽ അവന് അറിവ് വർദ്ധിക്കും, അതവന് ഒരു അസറ്റായിത്തീരും എന്ന്..
ഈ അറിവ് എന്നാൽ, നമ്മൾ പഠിച്ചതും കേട്ടതും അറിഞ്ഞതും കണ്ടതും, എന്ത് തന്നെയായാലും അത് പ്രായോഗിക വൽക്കരിക്കുക കൂടി ചെയ്യുമ്പോഴാണ് നമ്മൾ അറിവുള്ളവരാകുന്നത്..
കൂലിപ്പണിക്ക് പോകുന്ന എന്റെ ഒരു സുഹൃത്ത് തന്റെ മകനെ ചൂണ്ടി “അതെന്റെ മകനാണ്, ഡിഗ്രിക്ക് പഠിക്കുന്നു” എന്ന് പറഞ്ഞ് അവനെ എനിക്ക് പരിചയപ്പെടുത്തി..
ക്രോക്സിന്റെ ചെരിപ്പും അഡിഡാസിന്റെ ബനിയനും ഏതോ ഒരു ബ്രാൻഡഡ് ജീൻസും ധരിച്ച് , മുടി ഒരു പ്രത്യേക തരത്തിൽ ക്രോപ്പ് ചെയ്ത അവനെ കണ്ട ഞാൻ ചോദിച്ചു “അവൻ എവിടെയാണ് പഠിക്കുന്നത്?, അവനിപ്പോൾ പരീക്ഷയല്ലേ?”….
ഏതോ ഒരു സെൽഫ് ഫിനാൻസ് ( പേര് പറയുന്നില്ല) കോളേജിലാണെന്നും, അവനിപ്പോൾ പരീക്ഷയാണ്, ഓൺലൈനിൽ കമ്പയിൻഡ് സ്റ്റഡി നടത്തുന്നുണ്ട്, എന്നൊക്കെ വളരെ അഭിമാനത്തോടെയാണ് അവൻ എന്നോട് പറഞ്ഞത്..
അവനറിയില്ലല്ലോ “ഈ ക്യാമ്പയിൻ സ്റ്റഡി എന്നാൽ, നാലോ അഞ്ചോ പേർ ചേർന്ന് ഒരു കാര്യത്തെപ്പറ്റി പറയുകയോ, മനസ്സിലാക്കുകയോ, പഠിക്കുകയോ ചെയ്യുന്നതാണെന്ന്, ആ കാര്യം ഒരാൾക്ക് അറിയുന്നതാണെങ്കിൽ, ബാക്കിയുള്ളവരെ അത് പഠിപ്പിക്കാൻ തയ്യാറാവുന്നത് കൊണ്ട് അവന് എന്താണ് അധികം പഠിക്കാൻ കഴിയുന്നത്..
രണ്ടോ മൂന്നോ മണിക്കൂർ, പരീക്ഷയുടെ തലേദിവസം, ഏറ്റവും വിലപ്പെട്ട സമയം, വളരെ കുറഞ്ഞ കാര്യങ്ങൾക്കുവേണ്ടി ചെലവഴിക്കുന്നു..
ക്യാമ്പയിൻ സ്റ്റ്ഡി നല്ലതാണ്, അത് പരീക്ഷയുടെ തലേന്നല്ല, മറ്റുള്ള ദിവസങ്ങളിലായിരിക്കണം, എങ്കിൽ മാത്രമേ അതുകൊണ്ട് ഗുണമുള്ളൂ..
വളരെ പ്രതീക്ഷയോടെ, മുന്തിയ ഡ്രസ്സും വിലകൂടിയ ഫോണും വാങ്ങിക്കൊടുത്ത് ഒരു കുറവും വരരുതെന്ന് ചിന്തിച്ച്, പഠിച്ച് വലിയ നിലയിലെത്തണമെന്ന് ആഗ്രഹിച്ച് സർവ്വ ബുദ്ധിമുട്ടുകളും സാഹിച്ച് പഠിക്കാൻ അയക്കുന്ന തന്റെ മകൻ, ഒരു സ്വപ്ന സഞ്ചാരിയായി, വിഡ്ഢിയായി ജീവിക്കുകയാണെന്ന് ആ പാവം രക്ഷിതാവിന് അറിയില്ല..
നമ്മളെപ്പോലെ അനേകായിരം രക്ഷിതാക്കളിൽ ഒരാളാണവൻ..
സോഷ്യൽ മീഡിയ, ഉപകാരപ്രദമായി ഉപയോഗിച്ചാൽ, അവർക്ക് പഠിക്കാനുള്ളത് അവരുടെ വിരൽത്തുമ്പിൽ തന്നെയുണ്ട്..
കഥയും കവിതയും സയൻസും ചരിത്രവും നിരൂപണങ്ങളും വിമർശനങ്ങളും, അവർക്കാവശ്യമായത് എല്ലാം അതിലുണ്ട്..
നിർഭാഗ്യവശാൽ, നമ്മുടെ മക്കളിൽ പലരും ഇതൊന്നും ഉപയോഗിക്കുന്നില്ല..
അവരെപ്പോഴും ഇൻസ്റ്റഗ്രാമിലാണ്, തൊപ്പിയും കുപ്പിയുമൊക്കെയാണ് അവരുടെ ആരാധനാ പാത്രങ്ങൾ..
പഠിച്ചതുകൊണ്ട് മാത്രം സന്തോഷമായി ജീവിക്കാം എന്നുണ്ടോ?..
പഠിച്ചത് പ്രാവർത്തികമാക്കിയാൽ തീർച്ചയായും സന്തോഷിക്കാം..
നിങ്ങൾ നിരത്തിലേക്ക്, ജനങ്ങളിലേക്ക് ഇറങ്ങിയാൽ മതി, ഏതൊരു യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിക്കാത്ത വളരെ അധികം അറിവുകൾ നിങ്ങൾക്ക് അവിടെ നിന്ന് ലഭിക്കും..
അവിടെ നിങ്ങൾ പഠിച്ചത് നിങ്ങൾക്ക് പ്രായോഗിക വൽക്കരിക്കാം..
അവർക്ക് അരി വേണം പച്ചക്കറികൾ വേണം മത്സ്യമാംസാദികൾ വേണം വീട് വേണം, പട്ടിയും പൂച്ചയും ചെടികളും വേണം, കാറും ബസ്സും ലോറിയും, കഥയും കവിതയും സംഗീതവും അവർക്ക് വേണം…
ഇവിടെ ഏതാണ് തന്റെ മേഖല, വിൽക്കലോ വാങ്ങലോ ഇടനിലക്കാരനോ ഡ്രൈവറോ പ്ലംബറോ പെയിന്ററോ ഇലക്ട്രീഷ്യനോ തൂമ്പാ പണിക്കാരനോ ലോഡിങ് കാരനോ, കവിയോ ഗായകനോ അഭിനേതാവോ എന്തുതന്നെയായാലും, അത് മനസ്സിലാക്കാൻ കഴിയണം നിങ്ങൾ നിങ്ങളുടെ ഡിഗ്രി കഴിയുമ്പോഴേക്കും..
ഒരു തൊഴിലും മറ്റൊന്നിനേക്കാൾ മഹത്വമുള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല..
ഡിഗ്രി കഴിഞ്ഞ ഒരു കുട്ടിക്ക് ഇങ്ങനെയൊന്നും ചിന്തിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ആ ഡിഗ്രി കൊണ്ട് എന്താണ് പ്രയോജനം?..
Sidhique patta



