Uncategorized

അധ്യാപികയുടെ മരണം:ആരോപണങ്ങൾക്ക് മറുപടിയുമായി കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി

താമരശ്ശേരി : നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത കോടഞ്ചേരി സെയ്ന്റ് ജോസഫ് എൽ.പി. സ്കൂൾ അധ്യാപിക കട്ടിപ്പാറ വളവനാനിക്കൽ അലീന ബെന്നി (30) ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിമർശനങ്ങൾക്ക് മറുപടി വിശദീകരണവുമായി താമരശ്ശേരി രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി. നിയമനം അനുശാസിക്കുന്നതും സാധ്യമായതുമായ എല്ലാനടപടികളും മാനേജ്‌മെന്റ് യഥാസമയം കൈക്കൊണ്ടതായും അലീന ബെന്നിയുടെ നിയമനംനീട്ടിയത് സാങ്കേതികത്വത്തിന്റെ ചുവപ്പുനാടയാണെന്നും ഏജൻസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

അലീന ബെന്നിക്ക് നിയമനാംഗീകാരവും ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളും അനുവദിക്കേണ്ടത് വിദ്യാഭ്യാസ വകുപ്പ് അധികാരികളാണ്. അലീന ബെന്നിയെപ്പോലെ സാങ്കേതികത്വം കാരണം ദുരിതക്കയത്തിൽ അകപ്പെട്ട ഒട്ടേറെ അധ്യാപകർ മാനേജ്‌മെന്റിന് കീഴിലും മറ്റ് സ്കൂളുകളിലും ജോലിചെയ്യുന്നുണ്ട്. മുത്തോറ്റിക്കൽ നസ്രത്ത് എൽ.പി. സ്കൂളിലുണ്ടായ അവധി ഒഴിവിലാണ് അലീന ബെന്നിയെ ദിവസവേതനാടിസ്ഥാനത്തിൽ 2019 ജൂൺ 17-ന് നിയമിച്ചത്. കെ. ടെറ്റ് യോഗ്യതനേടാത്ത കാരണം ചൂണ്ടിക്കാട്ടിയാണ് നിയമനാംഗീകാര അപേക്ഷ താമരശ്ശേരി എ.ഇ.ഒ തിരിച്ചയച്ചത്. ദീർഘകാല അവധിക്കുശേഷം സർവീസിൽ തിരികെ പ്രവേശിക്കാതിരുന്ന ഒരധ്യാപികയെ നീക്കംചെയ്ത ഒഴിവിലാണ് പിന്നീട് നിയമനം നടത്തിയത്. എന്നാൽ അധ്യാപികയെ നീക്കംചെയ്ത നടപടിക്ക് വകുപ്പുതല അനുമതി ലഭ്യമായില്ലെന്നതിനാൽ നിയമനാംഗീകാര അപേക്ഷ നിരസിക്കുകയായിരുന്നു. തുടർന്ന് നൽകിയ അപ്പീൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട തടസ്സവാദങ്ങളുന്നയിച്ച് താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസറും നിരസിച്ചു.

കോർപ്പറേറ്റ് മാനേജരുടെ റിവിഷൻ ഹർജി അംഗീകരിച്ച് പൊതുവിദ്യാഭ്യസ ഡയറക്ടർ ഉത്തരവിട്ടിട്ട് എട്ട് മാസം പിന്നിട്ടിട്ടും ജില്ലാ വിദ്യാഭ്യാസ ഓഫീസറോ, വിദ്യാഭ്യാസ ഉപഡയറക്ടറോ തുടർനടപടി സ്വീകരിച്ചിട്ടില്ല. സർവീസിൽനിന്ന് അനധികൃതമായി വിട്ടുനിന്ന അധ്യാപികയെ പുറത്താക്കിയ മാനേജരുടെ നടപടിക്ക്‌ വിദ്യാഭ്യാസവകുപ്പ് അധികൃതരുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന ഒറ്റക്കാരണത്താലാണ് അലീന ബെന്നിയുടെ സ്ഥിരനിയമനം നാളിതുവരെ അംഗീകരിക്കപ്പെടാത്തത്.

അച്ചടക്കനടപടിക്ക്‌ അംഗീകാരംകിട്ടാൻ കാലതാമസം നേരിടുമെന്നതിലാണ് അലീനയും പിതാവും ആവശ്യപ്പെട്ടതനുസരിച്ച് കോടഞ്ചേരി സെയ്‌ന്റ് ജോസഫ് എൽ.പി. സ്കൂളിലെ റഗുലർ ഒഴിവിലേക്ക് നിയമിച്ചത്. പ്രസ്തുത നിയമനാംഗീകാര ഫയൽ താമരശ്ശേരി എ.ഇ.ഒ.യുടെ പരിഗണനയിലാണ്. നസ്രത്ത് സ്കൂളിലെ നിയമനം പിൻവലിക്കുന്നതിന് സമ്മതം അറിയിച്ചുകൊണ്ട് അലീന സ്വമേധയാലാണ് പുതിയനിയമനത്തിന് അഞ്ച് മാസങ്ങൾക്ക് ശേഷം കത്തുനൽകിയത്. ഇക്കാര്യത്തിൽ മാനേജ്‌മെന്റ് സമ്മർദം ചെലുത്തിയിട്ടില്ലെന്നിരിക്കെ നിർബന്ധിച്ച് കത്തെഴുതി വാങ്ങിച്ചെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ഏജൻസി കൂട്ടിച്ചേർത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com