LOCAL NEWS

അയയാതെ കുരുക്ക്, ശ്വാസംമുട്ടി നഗരം

കോഴിക്കോട്: സി.എച്ച്. മേൽപ്പാലം അടച്ചതോടെ ഗതാഗതക്കുരുക്കിൽ നിന്ന് മോചനമില്ലാതെ നഗരം. കുത്തഴിഞ്ഞ ട്രാഫിക് പരിഷ്കാരവും പെരുന്നാളിന് മുമ്പുള്ള ‌ഞായറാഴ്ചയിലെ തിരക്കുമായതോടെ നഗരം ഇന്നലെ അക്ഷരാർത്ഥത്തിൽ ശ്വാസംമുട്ടി. മഴ കൂടി പെയ്തതോടെ സ്വതവേ വാഹനങ്ങൾ കുറയുന്ന ഉച്ച സമയത്ത് പോലും റോഡിൽ തിരക്കായിരുന്നു. വെെകുന്നേരങ്ങളിലും രാവിലെയും ഓരോ ട്രാഫിക് സിഗ്നലിലും ബസുകളടക്കം നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. ആംബുലൻസുകൾക്കുപോലും കടന്നുപോകാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു.

ബലപ്പെടുത്തലിന്റെ ഭാഗമായാണ് കഴിഞ്ഞ മാസം സി.എച്ച്. മേൽപ്പാലം അടച്ചത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിടുകയും ബദൽ മാർഗം സ്വീകരിക്കുകയും ചെയ്തു. ഗാന്ധിറോഡ്, രണ്ടാംഗേറ്റ്, വെെക്കം മുഹമ്മദ് ബഷീർ റോഡ്, ഫ്രാൻസിസ് റോഡ് മേൽപ്പാലം, റെയിൽവേ മേൽപ്പാലം, എന്നിവയെല്ലാമാണ് ബദൽ മാർഗങ്ങളായി മാറ്റിയത്. ചിലയിടത്ത് ബസ് സ്റ്റോപ്പുകൾ മാറ്റി ക്രമീകരിക്കുകയും അതുപോലെ ഡിവൈഡറുകൾ വച്ച് റോഡുകൾ രണ്ടായി തിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഗതാഗതക്കുരുക്ക് അനുദിനം കൂടുന്ന സാഹചര്യമാണ്. റോഡുകൾ പലതും വൺവേ ആയിരിക്കുന്ന സാഹചര്യവും ഗതാഗതക്കുരുക്ക് കൂട്ടാൻ കാരണമാകുന്നുണ്ട്.പാളയം, മിഠായിത്തെരുവ്, റെയിൽവേ സ്റ്റേഷൻ , ഒയിറ്റി റോഡ്, നടക്കാവ് , മാവൂർ റോഡ്, തുടങ്ങിയ ഭാഗങ്ങളിലെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്കാണ് ആനുഭവപ്പെടുന്നത്. സി.എച്ച്. മേൽപ്പാലം വഴി കോടതി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ എൽ.ഐ.സി.-വൈക്കം മുഹമ്മദ് ബഷീർ റോഡ്-രണ്ടാം ഗേറ്റ് വഴി പോകുന്നതിനാൽ ഇവിടെയാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. കല്ലായി ഭാഗത്തുനിന്ന്‌ റെയിൽവേ സ്റ്റേഷൻ റോഡ്‌ വഴി ഗാന്ധിറോഡ് ഭാഗത്തേക്ക് പോകുന്ന സിറ്റി ബസുകൾ ഓയിറ്റി റോഡ്, മോഡൽ സ്കൂൾ ജംഗ്ഷൻ വഴി ക്രിസ്ത്യൻകോളേജ് ജംഗ്ഷനിൽനിന്ന്‌ ഇടത്തോട്ട് തിരിഞ്ഞ് ഗാന്ധി റോഡ് മേൽപ്പാലം കയറി പോകുന്നതും തിരക്ക് കൂട്ടുന്നുണ്ട്. മേലേ പാളയം റോഡ് വൺവേയാക്കിയതും നഗരത്തിൽ ഗതാഗതക്കുരുക്കിന് കാരണമാക്കി. പാളയം ജംഗ്ഷനിൽ നിന്ന് കമ്മത്ത്‌ലൈൻ റോഡിലേക്ക് പ്രവേശനവുമില്ല.ബലിപെരുന്നാൾ ആടുത്തതോടെ നഗരത്തിലേക്ക് മറ്റ് ജില്ലകളിൽ നിന്നടക്കമുള്ള നൂറുകണക്കിനാളുകളാണ് എത്തുന്നത്. ഇതോടെ നഗരം അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടുകയാണ്. ഇതോടെ നടക്കാൻ പോലും പറ്റാതെ വിഷമിക്കുകയാണ് യാത്രക്കാർ.മാത്രമല്ല, അവധി ദിവസങ്ങളിൽ നഗരത്തിലേക്കെത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാതെ റോഡിന് ഇരുവശവും പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. വെെക്കം മുഹമ്മദ് ബഷീർ റോഡിന് ഇരു വശവും നോ പാർക്കിംഗ് ബോർഡുകളുണ്ട്. എന്നാൽ ഇവയ്ക്ക് താഴെ തന്നെയാണ് കാറുകൾ നിറുത്തുന്നതും.

നടക്കാനിടമില്ല, നിരോധന ഇടങ്ങളിലും പാർക്കിംഗ്ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്തിയ ആദ്യ ദിവസങ്ങളിൽ വൈക്കം മുഹമ്മദ് ബഷീർ റോഡിലേക്ക് കയറ്റിയുള്ള ഓട്ടോ പാർക്കിംഗ് ഒഴിവാക്കിയതിനാൽ ഈ റോഡിലെ തിരക്ക് ഒഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പൊലീസിന്റെ നോ പാർക്കിംഗ് ഡിവെെഡറുകൾ അവഗണിച്ച് ബെെക്കുകൾ നിറുത്തിയിടുന്ന സാഹചര്യമാണ്. രണ്ട് ഭാഗത്ത് നിന്നും വാഹനങ്ങൾ എത്തുന്നതോടെ ഇതുവഴി കാൽനട യാത്രക്കാർക്ക് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. വെെകുന്നേരങ്ങളിലാണ് ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്.സി.എച്ച്. മേൽപ്പാലം വഴി കോടതിഭാഗത്തേക്കു പോകുന്ന വാഹനങ്ങളും റെയിൽവേ വഴി മാനാഞ്ചിറ ചുറ്റി പുതിയ സ്റ്റാൻഡിലേക്ക് പോകുന്ന വാഹനങ്ങളും മറ്റും എത്തുന്നതോടെ റോഡ് അക്ഷരാർത്ഥത്തിൽ നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാവും. മാത്രമല്ല, ഇവിടങ്ങളിൽ ഓവുചാലുകളുടെ സ്ലാബുകളും തകർന്നിരിക്കുന്നതിനാൽ കാൽ നടയയാത്രക്കാർ റോഡിലിറങ്ങിയാണ് നടക്കുന്നത്. ഇത് അപകടങ്ങൾക്കും കാരണമാകും.

തുറക്കണം രണ്ടാം ഗേറ്റ്ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ രണ്ടാംഗേറ്റ് രാത്രി അടച്ചിടുന്നത് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു.വലിയങ്ങാടി, മിഠായിത്തെരുവ് , ബീച്ച് , മത്സ്യമാർക്കറ്റ് എന്നിവിടങ്ങളിലേക്കെത്താൻ എളുപ്പമുള്ള മാർഗമായതിനാൽ നിരവധി പേരാണ് ഇതുവഴി കടന്നുപോകുന്നത്. രാത്രി 10 മുതൽ രാവിലെ ആറുവരെയാണ് ഗേറ്റ് അടച്ചിടുന്നത് . സി.എച്ച്. മേൽപ്പാലം അടച്ചതോടെ അതി രാവിലെ മാർക്കറ്റുകളിലെത്തേണ്ടവർ ഇതുകാരണം ബുദ്ധിമുട്ടുകയാണ്.വേണ്ടത്ര ഗേറ്റ്കീപ്പർമാരില്ലാത്തതിനാൽ ഗേറ്റ് അടയ്ക്കുന്നുവെന്നാണ് രണ്ടു വർഷം മുമ്പ് റെയിൽവേ അറിയിച്ചത്. ഇപ്പോൾ ജീവനക്കാരുടെ എണ്ണം വർദ്ധിച്ചിട്ടും ഇതു തന്നെയാണ് റെയിൽവേയുടെ ന്യായീകരണം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com