
മുക്കം : സ്വകാര്യ ടെലികോം ഏജൻസി റോഡരികിൽ അനധികൃതമായി നിർമിച്ച കുഴി നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ടെലികോം ഏജൻസി അധികൃതരെത്തി മൂടി. അഗസ്ത്യൻമുഴി-കുന്ദമംഗലം റോഡിൽ അഗസ്ത്യൻമുഴി അങ്ങാടിയിൽ റോഡരികിൽ മൂന്നടിയോളം ആഴത്തിൽ കുഴിയെടുത്തതിൽ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി അടിയന്തരനടപടിക്ക് നിർദേശം നൽകുകയായിരുന്നു.
എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ടെലികോം ഏജൻസികൾ മണ്ണിലൂടെ സ്ഥാപിച്ച ലൈനുകൾക്ക് കേടുപാട് പറ്റിയിരുന്നു ഇതു പരിഹരിക്കുന്നതിന്റെ ഭാഗമായി റോഡരികിൽ കുഴിയെടുത്തശേഷം മുകളിൽ സ്ലാബിടുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
വളവിൽ, റോഡരികിൽ സ്ഥാപിച്ച സ്ലാബ് അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നു കാണിച്ചാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. സാമൂഹികമാധ്യമങ്ങളിൽ വിഷയം ചർച്ചയായതോടെ ലിന്റോ ജോസഫ് എം.എൽ.എ.യും നഗരസഭാ ചെയർമാൻ പി.ടി. ബാബുവും ഇടപെട്ട് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ സ്വകാര്യ ടെലികോം ഏജൻസി ജീവനക്കാരെ വിളിച്ചുവരുത്തി കുഴിമൂടാൻ ആവശ്യപ്പെടുകയായിരുന്നു.
എട്ടുമാസംമുമ്പാണ് ഈ റോഡിന്റെ ടാറിങ് പ്രവൃത്തി പൂർത്തിയാക്കിയത്.കുഴിയെടുക്കാൻ അനുമതി നൽകിയിട്ടില്ലെന്നും അനധികൃതമായി കുഴിയെടുത്ത കമ്പനിയുടെപേരിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പി.ഡബ്ല്യു.ഡി. ജീവനക്കാർ അറിയിച്ചു.


