
തിരുവമ്പാടി : തിരക്കേറിയ തിരുവമ്പാടി-പുന്നക്കൽ റോഡിൽ അപകടക്കെണിയൊരുക്കി ‘ജൽജീവൻ കുഴി’. ഏതാണ്ട് 15 മീറ്റർ ദൈർഘ്യത്തിൽ റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. വേനൽമഴയിൽ ജലം തളംകെട്ടിക്കിടക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. അപായമുന്നറിയിപ്പ് ബോർഡ് വീണുകിടക്കുകയാണ്. ആറുമാസം മുൻപാണ് ഈ ഭാഗത്ത് ജൽജീവൻമിഷൻ പദ്ധതിക്കായി റോഡിന്റെ ഒരുഭാഗം വെട്ടിക്കീറിയത്. മറ്റുഭാഗങ്ങൾ പൈപ്പിട്ട് മൂടിയെങ്കിലും ഇവിടെമാത്രം ഒഴിച്ചിട്ടിരിക്കുകയാണ്. റോഡ് നവീകരിച്ചതോടെ അതിവേഗമാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഇത് ഭീഷണി ഇരട്ടിപ്പിക്കുന്നു.
തൊട്ടടുത്ത പ്രദേശമായ നെല്ലാനിച്ചാലിലും ഭീഷണി നിലനിൽക്കുന്നു. ഇവിടെ ജൽജീവൻ പദ്ധതിക്കായെടുത്ത കുഴികൾ മണ്ണിട്ടുമൂടിയെങ്കിലും മതിയായ അളവിൽ അസംസ്‌കൃതവസ്തുക്കൾ ഉപയോഗിക്കാത്തതിനാൽ വേനൽമഴയിൽ മേൽമണ്ണ് ഒഴുകി കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇവിടങ്ങളിൽ ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നത് പതിവാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. ജൽ ജീവൻ മിഷൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡ് പൂർണമായും മൂടി അപകടഭീഷണി ഒഴിവാക്കണമെന്ന് ടീംസ് ഓഫ് നെല്ലാനിച്ചാൽ സ്വയംസഹായസംഘം ആവശ്യപ്പെട്ടു.അതേസമയം പഞ്ചായത്തിലെ വിവിധ റോഡുകളിലും ജൽജീവൻ പദ്ധതിക്ക് വേണ്ടി വെട്ടിപ്പുളിച്ച റോഡുകൾ ഇതുവരെയും പുനസ്ഥാപിച്ചിട്ടില്ല.



