
കോടഞ്ചേരി : കരിങ്കൽടൈലുകൾ പാകിയ അങ്കണം, ചെറുതെങ്കിലും ഇരുവശത്തും ഹരിതാഭ പകരുന്ന പുൽത്തകിടി, ചുവന്ന ഇഷ്ടികകളിൽ മനോഹരമായി രൂപകല്പന ചെയ്തൊരുക്കിയ കെട്ടിടം, വൃത്തിയും വെടിപ്പും. കോടഞ്ചേരിയിലെ ‘ടേക്ക് എ ബ്രേക്ക്’ വഴിയോരവിശ്രമകേന്ദ്രത്തിന്റെ പ്രത്യേകതകളാണിതെല്ലാം. മാതൃകാപരമായരീതിയിൽ തയ്യാറാക്കിയ കെട്ടിടം മികച്ചപരിപാലനത്തിലൂടെ വഴിയോരവിശ്രമകേന്ദ്രങ്ങൾക്ക് മികച്ച ഉദാഹരണമാണ്.
കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരത്താണ് 600 ചതുരശ്രയടിയിൽ ആധുനികസൗകര്യങ്ങളോടുകൂടിയ വിശ്രമകേന്ദ്രം ഒരുക്കിയിട്ടുള്ളത്. ഭിന്നശേഷിസൗഹൃദ ശൗചാലയങ്ങൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും രണ്ടുവീതം പൊതുശൗചാലയങ്ങൾ, മുലയൂട്ടൽ കേന്ദ്രം, വിശ്രമകേന്ദ്രം, നാപ്കിൻ നിർമാർജന സൗകര്യം, ഇരിപ്പിടം, ചെറിയൊരു പൂന്തോട്ടം എന്നിവയാണ് ശുചിത്വമിഷന്റെ ‘ടേക്ക് എ ബ്രേക്കി’ ന്റെ ഭാഗമായി ഇവിടെ ഒരുക്കിയിട്ടുള്ളത്.
വിശ്രമകേന്ദ്രം പരിപാലിക്കുന്നത് പഞ്ചായത്ത് ഹരിതകർമസേനയാണ്. ഒരുവർഷമായി പ്രവർത്തനം തുടങ്ങിയിട്ട്. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ അരുൺചന്ദാണ് കേന്ദ്രത്തിന്റെ രൂപകല്പന തയ്യാറാക്കി പദ്ധതിനിർവഹണം നടത്തിയത്.
വിശ്രമകേന്ദ്രത്തിന്റെ ഹൃദ്യമായ രൂപകല്പന സംബന്ധിച്ച് ഒട്ടേറെ പഞ്ചായത്തുകളിൽനിന്നും അന്വേഷണങ്ങൾ വരുന്നതായി അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ വിവിധ ഫണ്ടുകളിൽനിന്നായി 31 ലക്ഷം രൂപ ചെലവിട്ടാണ് ‘ടേക്ക് എ ബ്രേക്ക്’ നിർമിച്ചത്. തുഷാരഗിരി, പതങ്കയം, അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികൾ, പഞ്ചായത്തിലെ മൂന്നുസ്കൂളുകൾ, ഗവ. കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ, വ്യാപാരികൾ, ഓഫീസ് ജീവനക്കാർ എന്നിവർക്കെല്ലാം ഉപകാരപ്രദമാവുകയാണ് ഈ വിശ്രമകേന്ദ്രം.
തുഷാരഗിരി ടൂറിസ്റ്റ് കോറിഡോറിന്റെ ഭാഗമായ നെല്ലിപ്പൊയിൽ, പതങ്കയം പ്രദേശങ്ങളിൽ വിശ്രമകേന്ദ്രം നിർമിക്കുന്നത് പരിഗണനയിലാണ്. തുഷാരഗിരിയിൽ ഡി.ടി.പി.സി.യുടെ വക വിശ്രമകേന്ദ്രവും ശൗചാലയസംവിധാനങ്ങളുമുണ്ട്. പതങ്കയമാവട്ടെ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ സെന്ററായി പ്രഖ്യാപിച്ചിട്ടില്ല. സ്ഥലം ലഭ്യമാകാത്തതാണ് നെല്ലിപ്പൊയിലിൽ വിശ്രമകേന്ദ്രത്തിന് പ്രധാന തടസ്സം.
സ്നാക്സ് സ്റ്റാൾ തുടങ്ങും
വിശ്രമകേന്ദ്രത്തോടുചേർന്ന് സ്നാക്സ് സ്റ്റാൾ ഓണം കഴിഞ്ഞയുടൻ തുടങ്ങും. ഇതിനുള്ള കരാർനടപടികൾ നടന്നുവരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അറിയിച്ചു.



