LOCAL NEWS

കായികതാരം ദേവനന്ദക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും: മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാന സ്‌കൂൾ അത്ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ച സെന്റ് ജോസഫ് എച്ച്എസ്എസ് പുല്ലൂരാംപാറയിലെ കായികതാരം ദേവനന്ദ വി. ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമിച്ച് നൽകും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി താരത്തെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച വേളയിലാണ് പ്രഖ്യാപനം നടത്തിയത്. ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്.

2017-ൽ ആൻസി സോജൻ സ്ഥാപിച്ച 25.13 സെക്കൻഡിന്റെ റെക്കോർഡാണ് ഈ പ്ലസ് ടു വിദ്യാർഥിനി തിരുത്തിയെഴുതിയത്. 100 മീറ്റർ ഓട്ടത്തിലും ദേവനന്ദ സ്വർണ മെഡൽ കരസ്ഥമാക്കി.ഒരു മാസം മുമ്പ് അപ്പെന്റിസൈറ്റിസ് സ്ഥിരീകരിച്ചിട്ടും ശസ്ത്രക്രിയ മാറ്റിവച്ച് കടുത്ത വേദന സഹിച്ച് മത്സരത്തിൽ പങ്കെടുത്ത ദേവനന്ദയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ്. ബാർബറായ അച്ഛൻ ബിജുവിനും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ വിജിതക്കുമൊപ്പം താമസിക്കുന്ന ദേവനന്ദയുടെ കുടുംബസാഹചര്യം മനസിലാക്കിയ മന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സിനെ വീട് നിർമിക്കുന്നതിനായി ചുമതലപ്പെടുത്തുകയായിരുന്നു. ദേവനന്ദക്ക് എല്ലാവിധ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.

മന്ത്രിയുടെ വാക്കുകൾ : അഭിനന്ദനങ്ങൾ ദേവനന്ദ..റെക്കോർഡ് വേഗത്തിനൊപ്പം സ്നേഹവീടും..സംസ്ഥാന സ്കൂൾ കായികമേളയിൽ ചരിത്രമെഴുതിയ പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിനി ദേവനന്ദ വി ബിജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചാണ് ദേവനന്ദ അഭിമാനമായത്. 100 മീറ്ററിലും ദേവനന്ദ സ്വർണ്ണം നേടി.അപ്പെന്റിസൈറ്റിസ് രോഗം സ്ഥിരീകരിച്ച് ഡോക്ടർമാർ സർജറി നിർദ്ദേശിച്ചിട്ടും, അത് മാറ്റിവെച്ചാണ് ദേവനന്ദ ട്രാക്കിലിറങ്ങിയത്. ഹീറ്റ്സിന് ശേഷം ആശുപത്രിയിൽ പോയി ഫൈനലിന് മടങ്ങിയെത്തിയാണ് ദേവനന്ദ ഈ സുവർണ്ണ നേട്ടം കൈവരിച്ചത്.ബാർബറായ അച്ഛൻ ബിജുവിന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ വിജിതയുടെയും മകളായ ദേവനന്ദയുടെ സാമ്പത്തിക സാഹചര്യം താരത്തെ നേരിൽ കണ്ടപ്പോൾ മനസിലായി. സ്വന്തമായി ഭൂമിയുണ്ടെങ്കിലും നല്ലൊരു വീടില്ലാത്ത ദേവനന്ദയുടെ അവസ്ഥ മനസ്സിലാക്കിയപ്പോൾ കേരള സ്കൗട്ട്സ്‌ ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ കുട്ടിക്ക് ഒരു വീട് നിർമ്മിച്ചു നൽകാൻ നിർദ്ദേശം നൽകി.പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന ദേവനന്ദയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com