News

അതിദാരിദ്ര്യമുക്ത ജില്ലയായി കോഴിക്കോട്

കോഴിക്കോടിനെ അതിദാരിദ്ര്യമുക്ത ജില്ലയായി വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രഖ്യാപിച്ചു. ഒരു തൈ നടാം ക്യാമ്പയിന്‍ ജില്ലയില്‍ ലക്ഷ്യം കൈവരിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയിലൂടെ 6,773 കുടുംബങ്ങളെയാണ് തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ജില്ലയില്‍ അതിദാരിദ്ര്യമുക്തമാക്കിയത്.

എസ് കെ പൊറ്റക്കാട് ഹാളില്‍ നടന്ന ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷനായി. കോര്‍പറേഷന്റെ ജലബജറ്റ് പ്രകാശനവും സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലാ പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് നിര്‍വഹിച്ചു. ഹരിത കേരളം മിഷനില്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ചവരെയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദരിച്ചു. സമ്പൂര്‍ണ ജലബജറ്റ് ജില്ലാ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി പി ജമീല നിര്‍വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ റിപ്പോര്‍ട്ട് സി.ഡബ്ല്യു.ആര്‍.ഡി.എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി സാമുവല്‍ പ്രകാശനം ചെയ്തു. 

അതിദാരിദ്ര്യമുക്ത ജില്ല റിപ്പോര്‍ട്ട് പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പി വി ജസീറും ഹരിത കേരളം മിഷന്‍ റിപ്പോര്‍ട്ട് ജില്ലാ കോഓഡിനേറ്റര്‍ കെ ബാലകൃഷ്ണനും അവതരിപ്പിച്ചു. ഫറോക്ക് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ റീജ, കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ പി ബാബു, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ. പി ശാരുതി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ജി അജേഷ്, കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി എന്‍ കെ ഹരീഷ്, ഹെല്‍ത്ത് ഓഫീസര്‍ മുനവ്വര്‍ റഹ്‌മാന്‍, ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വി.ഇ.ഒമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

2021-22ല്‍ ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സര്‍വേ നടത്തിയപ്പോള്‍ 6,773 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയിരുന്നത്. ഇവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയുമെല്ലാം സഹായത്തോടെ ആവശ്യമായ ഭക്ഷണവും ആരോഗ്യ പരിരക്ഷയും വരുമാന സംരംഭങ്ങളും സുരക്ഷിതമായ പാര്‍പ്പിടവും ഒരുക്കിയാണ് ലക്ഷ്യത്തിലേക്ക് മുന്നേറിയത്. 1,816 കുടുംബങ്ങള്‍ക്ക് ഭക്ഷണവും 4,775 പേര്‍ക്ക് മരുന്നും 579 കുടുംബങ്ങള്‍ക്ക് പാലിയേറ്റീവ് പരിചരണവും 73 പേര്‍ക്ക് ആരോഗ്യ സഹായ ഉപകരണങ്ങളും 513 കുടുംബങ്ങള്‍ക്ക് വരുമാനവും 2,050 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടവും ഒരുക്കി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെല്ലാം അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com