
കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ജനങ്ങൾക്കിനി വിലപ്പെട്ട രേഖകൾ നഷ്ടപ്പെടുമെന്ന ആധി വേണ്ട. ആധാരം, ആധാർകാർഡ്, എ.ടി.എം. കാർഡ്, പാൻകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, വിവിധ സർട്ടിഫിക്കറ്റുകൾ തുടങ്ങി നിത്യജീവിതത്തിൽ ആവശ്യമായ സുപ്രധാനരേഖകൾ ഡിജി ലോക്കറിൽ സൂക്ഷിക്കാൻ ഗ്രാമപ്പഞ്ചായത്തിൽ നടപടിയാരംഭിച്ചു.
പ്രളയബാധിതപ്രദേശങ്ങളിൽ ജനങ്ങളുടെ രേഖകൾ നഷ്ടപ്പെടുന്ന മുൻ അനുഭവം പരിഗണിച്ച് ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവെക്കാൻവേണ്ടി ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഐ.ടി. മന്ത്രാലയം വിഭാവനംചെയ്ത സംവിധാനമാണ് ഡിജിലോക്കർ. അസ്സൽ സർട്ടിഫിക്കറ്റുകൾക്കു തുല്യമായി ഡിജി ലോക്കർ സർട്ടിഫിക്കറ്റുകളും പരിഗണിക്കും.
ഡിജി ലോക്കർ സംവിധാനമെരുക്കാൻ ജില്ലയിൽ ആദ്യം നടപടി തുടങ്ങിയത് കാരശ്ശേരി പഞ്ചായത്തിലാണ്. ഇതിന്റെ ആദ്യപടിയായി ഗ്രാമപ്പഞ്ചായത്തും ജില്ലാഭരണകൂടവും ഐ.ടി. മിഷനും സംയുക്തമായി ശനിയാഴ്ച ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ജംഷിദ് ഒളകര, കക്കാട്, കുമാരനെല്ലൂർ വില്ലേജ് ഓഫീസർമാരായ നജ്മൽ ഹുദ, ടി.ജെ. അഗസ്റ്റിൻ, ജില്ലാ പ്രോജക്ട് മാനേജർ എൻ.എസ്. അജിഷ എന്നിവർ സംസാരിച്ചു



