
ഫറോക്ക്: പെയിൻറ് നിർമാണ അസംസ്കൃത വസ്തുക്കൾ സൂക്ഷിച്ച ഗോഡൗണിൽ വൻതീപ്പിടിത്തം. കോഴിക്കോട് ചെറുവണ്ണൂരില ടി.പി. റോഡിൽ കാലിക്കറ്റ് ഓട്ടുകമ്പനിക്ക് സമീപത്തെ സി.ടി. ഏജൻസീസിന്റെ ഗോഡൗണിലാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തീപ്പിടിത്തം ഉണ്ടായത്. ഗോഡൗൺ ബിൽഡിങ് പൂർണമായും കത്തിയമർന്നു.മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ.
തീ ആളിപ്പടരുന്നത് കണ്ട് പുറത്തേക്ക് ഓടുകയായിരുന്ന കമ്പനിയിലുണ്ടായിരുന്ന പുളിക്കൽ സ്വദേശി സുഹൈൽ (19) ന് പൊള്ളലേറ്റു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി അനൂപ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.തീപ്പിടിത്തം നടന്നസമയം കമ്പനിയിൽ രാസവസ്തുവുമായി എത്തിയ ടാങ്കർ ലോറിയുമുണ്ടായിരുന്നു. ഫയർഫോഴ്സിന്റെയും പോലീസിന്റെയും സമയോചിത ഇടപെടലിലൂടെ ടാങ്കർ ലോറി മാറ്റിയതിനാൽ വൻദുരന്തം ഒഴിവായി.
ടാങ്കർ ലോറിയിൽനിന്ന് ടിന്നർ ബാരലിലേക്ക് മാറ്റുമ്പോഴാണ് അഗ്നിബാധയുണ്ടായതെന്നും പറയുന്നുണ്ട്.തീപ്പിടിത്തത്തിൽ സമീപത്തെ പെർഫക്ട് ചെരിപ്പ് നിർമാണ ക്കമ്പനിയിലേക്കും തീപടർന്നു. ഇതേത്തുടർന്ന് കമ്പനിയിലെ മെഷീൻ, റക്സിൻ എന്നിവയും കത്തിനശിച്ചു. രാകേഷാ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. തിപ്പിടിത്തം നടന്ന കമ്പനിക്ക് സമീപത്തെ വീടുകളിലുള്ളവരെ പോലീസും ഫയർഫോഴ്സും ചേർന്ന് സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി.ഗോഡൗണിന്റെ സമീപത്തെ ഇരുനിലവീട്ടിലെ വാട്ടർടാങ്ക് കത്തിനശിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി അക്ബർ, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. ഉമേഷ്, ട്രാഫിക് എ.സി.പി. മാരായ കുഞ്ഞിമൊയ്തീൻകുട്ടി, ജോൺസൺ, ട്രാഫിക് ഡി.സി.പി. ഡോ. ശ്രീനിവാസ്, ഫറോക്ക് എ.സി.പി. എം.എ. സിദ്ദീഖ് തുടങ്ങി ജില്ലയിലെ മുഴുവൻ പോലീസ് മേധാവികളും സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചുവരുകയാണ്. ജില്ലാ ഫയർ ഓഫീസർ അഷ്‌റഫലി, റീജണൽ ഫയർ ഓഫീസർ റജീഷ്, സ്റ്റേഷൻ ഓഫീസർ റോബി വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിവരുന്നത്



