മനുഷ്യത്വത്തിന്റെ ഉജ്ജ്വല മാതൃക; തേനീച്ചയാക്രമണത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിച്ച് പാഴൂര്‍ സ്വദേശി

മുക്കം: തേനീച്ചയാക്രമണത്തില്‍ ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ച് പാഴൂർ സ്വദേശി ഉനൈസ് കൂടാൻകുഴി മനുഷ്യത്വത്തിന്റെ ഉജ്ജ്വല മാതൃകയായി.
ഇന്നലെ ഉച്ച കഴിഞ്ഞ് 3 മണിക്ക് മുക്കത്ത് നിന്നും കാറുമായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലേക്കു പോകുന്നതിനിടെയാണ് സംഭവം. ചാത്തമംഗലം ചെത്തുകടവ് ഭാഗത്ത് വെച്ച് ശരീരം മുഴുവൻ തേനീച്ചകള്‍ പൊതിഞ്ഞ നിലയില്‍ ഒരു വിദ്യാർത്ഥി സഹായം തേടി റോഡില്‍ കൈകാണിക്കുന്ന ദൃശ്യം ഉനൈസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ 300-ലധികം തേനീച്ചകള്‍ പറ്റിപ്പിടിച്ചിരുന്നതിനാല്‍ വഴിയേ പോയ ഒരു വാഹനവും അപകടസാഹചര്യമായതിനാല്‍ നിർത്താനോ സഹായിക്കാനോ തയ്യാറായിരുന്നില്ല.
അത്യന്തം അപകടകരമായ ഈ സാഹചര്യത്തിലും സ്വന്തം സുരക്ഷയെക്കുറിച്ച് ചിന്തിക്കാതെ ഉനൈസും കൂടെയുണ്ടായിരുന്ന സുഹൃത്ത് കട്ടാങ്ങള്‍ സ്വദേശി ഷിജു കല്ലിൻപുറത്തും ചേർന്ന് കുട്ടിയെ തന്റെ വാഹനത്തില്‍ കയറ്റി ഉടൻ കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യാത്രയ്ക്കിടെ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടെങ്കിലും സമയബന്ധിതമായ ഇടപെടലിലൂടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായി.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ മാറ്റുന്നതിനിടെ നിരവധി തേനീച്ചകള്‍ പാറി ആശുപത്രി സ്റ്റാഫിലെ ചിലർക്കും കുത്തേറ്റതായി റിപ്പോർട്ടുണ്ട്. നിലവില്‍ കുട്ടി ക്രിട്ടിക്കല്‍ ഐസിയുവില്‍ ചികിത്സയിലാണ്. അപകടഘട്ടം മറികടന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
മനുഷ്യജീവന്റെ വില തിരിച്ചറിഞ്ഞ് ധീരമായ ഇടപെടല്‍ നടത്തിയ ഉനൈസിന് സാമൂഹിക, രാഷ്ട്രീയ രംഗങ്ങളില്‍ നിന്നടക്കം വ്യാപകമായ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഈ രക്ഷാപ്രവർത്തനത്തിനിടെ ഉനൈസിനൊപ്പം സുഹൃത്ത് കട്ടാങ്ങള്‍ സ്വദേശിയായ കമ്പനി മുക്കിലുള്ള ഷിജുവേട്ടൻ (ഷിജു ഇ.പി) കൂടെയുണ്ടായിരുന്നുവെന്നും, കുട്ടിയെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ ഇരുവരും ചേർന്ന് ഇടപെട്ടുവെന്നും ഉനൈസ് അറിയിച്ചു. ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് എത്രയും വേഗം പൂർണ്ണ സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് നാടാകെ.



