
കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവ ഡോക്ടറിനെ മാട്രിമോണിയൽ സൈറ്റ് വഴി NRI യുവതി എന്ന പേരിൽ വിവാഹ അഭ്യർത്ഥന നടത്തി സൗഹൃദത്തിലാക്കിയ ശേഷം
ട്രേഡിങ് വഴി ലാഭം ഉണ്ടാക്കാൻ വ്യാജ വെബ്സൈറ്റ് പരിചയപ്പെടുത്തി 37 ലക്ഷം രൂപ നിക്ഷേപ്പിപ്പിച്ചതാണ് പരാതിക്ക് ഇടയാക്കിയത്. തുടർന്ന് കൊച്ചി സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പോലീസിൻ്റെ അന്വേഷണത്തിൽ കംബോഡിയ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് മനസ്സിലായി.
പോലീസിന്റെ അന്വേഷണത്തിൽ കംബോഡിയൻ തലസ്‌ഥാനമായ ഫ്‌നോം പെൻ ആസ്ഥാനമായി ചൈനീസുകാരുടെ മേൽനോട്ടത്തിൽ ഇരകളെ പിടിക്കുന്നതിനും പണം ആകർഷിക്കുന്നതിനും ലഭിക്കുന്ന തുകകൾ ഉടൻതന്നെ പിൻവലിക്കുന്നതിന് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനും വിദഗ്‌ധ പരിശീലനം ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ള 6600 സൈബർ മാഫിയ സംഘങ്ങളാണ് പ്രവർത്തിക്കുന്നതെന്നു അറിവ് ലഭിച്ചു.
കൊച്ചി സൈബർ പോലീസിന്റ അന്വേഷണത്തിൽ യുവ ഡോക്ടറിന് കംബോഡിയയിൽ നിന്നും മെസ്സേജ് അയച്ചിരുന്ന മലയാളിയെ കൃത്യമായി മനസ്സിലാക്കുകയും ഡിജിറ്റൽ ഫുഡ് പ്രിൻറ്സ് ശേഖരിക്കുകയും ചെയ്തു. തട്ടിപ്പു നടത്തിയ യുവാവ് ഇന്ത്യയിൽ എത്തിയ ഉടൻ അറസ്റ്റ് ചെയ്യുകയും പണം പിൻവലിക്കാൻ സഹായിച്ച കൂട്ടാളികളെ ആലപ്പുഴ ജില്ലയിലെ അരൂരിൽ നിന്നും കോഴിക്കോട് ജില്ലയിലെ പന്തീരം കാവിൽ നിന്നും മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നും ആയി 24 മണിക്കൂറിനുള്ളിൽ പിടികൂടുകയും ചെയ്തു.
കേരളത്തിൽ നിന്നും യുവതികളെയും യുവാക്കളെയും തായ്ലൻഡ്, ലാവോസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസിറ്റിംഗ് വിസയിൽ കൊണ്ടുപോയ ശേഷം റോഡ് മാർഗ്ഗം കംബോഡിയയിൽ എത്തുകയും അവിടെ ഹോട്ടൽ ജോലികളും ഡെലിവറി ജോലികളും ചെയ്യുന്നതിനുള്ള വിസ തരപ്പെടുത്തി കൊടുക്കുകയും നിർദ്ദേശങ്ങൾ പാലിക്കാത്ത പലർക്കും ക്രൂരമായ മർദ്ദനങ്ങൾ ഏൽക്കേണ്ടതായും വരാറുണ്ട്.
കൊച്ചി സിറ്റി കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശാനുസരണം, കൊച്ചി സിറ്റി ഡി.സി.പി അശ്വതി ജിജിയും സൈബർ ക്രൈം എ.സി.പി സുൽഫിക്കർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഷമീർഖാൻ പി എ, എ.എസ്.ഐ രമേഷ് എസ്, എസ്.സി.പി.ഓമാരായ അജിത്ത് രാജ്, അരുൺ. ആർ, അനീഷ്, സി.പി.ഒ നജീബ് എന്നിവരെ ഉൾപ്പെടുത്തിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പണം വാങ്ങി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ മറ്റുള്ളവർക്ക് നൽകുന്നത് ഗുരുതരമായ കുറ്റമാണ്.ഇത്തരത്തിൽ അക്കൗണ്ട് നൽകുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കും. ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവർ ഉടൻ തന്നെ 1930 എന്ന സൈബർ ക്രൈം ഹെൽപ്ലൈനിലൂടെയോ Cyber Crime Portal വഴിയോ പരാതി രജിസ്റ്റർ ചെയ്യാം.



