LOCAL NEWSNews

ആടുവളർത്തലിൽ വിജയഗാഥ; കാൽനൂറ്റാണ്ട് പിന്നിട്ട് ‘പുരയിടത്തിൽ ഫാം’

തിരുവമ്പാടി : ആടുവളർത്തലിൽ പുരയിടത്തിൽ വിജയഗാഥയ്ക്ക് കാൽനൂറ്റാണ്ട് പ്രായം. നെല്ലാനിച്ചാൽ നാൽപ്പത്‌മേനിയിൽ പുരയിടത്തിൽ ജോസ് എന്ന ജേക്കബ് തോമസിന്റെ ആട് ഫാം ഇന്ത്യയിലെ വിവിധയിനം ആടുകളാൽ സമ്പന്നമാണ്.

ബീറ്റൽ, ജമുനപ്യാരി, സിരോഹി, സോജത്, മലബാരി തുടങ്ങി പത്തിൽപരം ഇനത്തിൽപ്പെട്ട വിവിധ പ്രായത്തിൽപ്പെട്ട 60-ഓളം ആടുകളുണ്ടിവിടെ. ഒരാൾ പൊക്കത്തിൽവളരുന്ന ബീറ്റൽ ഇനത്തിലുള്ള ആടുകളാണ് പ്രധാന ആകർഷണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് ഇദ്ദേഹം ആടുകളെ എത്തിക്കുന്നത്. ആടുകളെ വാങ്ങുന്നതിനായി വിദൂരങ്ങളിൽനിന്നടക്കം ആളുകളെത്തുന്നുണ്ട്. ഫാം ടൂറിസത്തിന്റെ ഭാഗമായെത്തുന്ന വിനോദസഞ്ചാരികളടക്കം ആടുകളെ തേടി ഫാമിലെത്തുന്നുണ്ട്.

തിരുവമ്പാടി-പുന്നക്കൽ റോഡിലെ സ്വന്തം വീടിനോട് ചേർന്നാണ് ഫാം. പഞ്ചാബിൽനിന്നുള്ള ബീറ്റൽ, രാജസ്ഥാനിൽ നിന്നുളള സോജത്, വെളുപ്പ് നിറമുള്ള ബീറ്റൽ എന്നീ ഇനം ആടുകൾക്കാണ് പ്രിയം കൂടുതലെന്ന് ജോസ് പറയുന്നു. 15,000 മുതൽ 85,000 രൂപവരെ വിലയുള്ള ആടുകളുണ്ട് ഇവിടെ. ആടുകളുടെ വളർച്ച, പാലുൽപാദനം, പ്രജനനം തുടങ്ങി ഓരോ ഘട്ടത്തിലും കൃത്യമായ പരിചരണം ലഭ്യമാക്കുന്നതൊക്കെ ഇദ്ദേഹംതന്നെ. തികച്ചും ശാസ്ത്രീയമായ ആട്ടിൻകൂടുകളാണ് ഒരുക്കിയിട്ടുള്ളത്.

ആട്ടിൻപാൽ ഔഷധഗുണമുള്ളതിനാൽ ആയുർവേദമരുന്ന് നിർമാണത്തിനുൾപ്പെടെ ആവശ്യക്കാർ ഏറെയാണെങ്കിലും ഇദ്ദേഹം പാൽ വരുമാനമാർഗമാക്കുന്നില്ല. ആട്ടിൻകുഞ്ഞുങ്ങൾക്കുതന്നെ നൽകുകയാണ് ചെയ്യുന്നത്. ആട്ടിൻകാഷ്ടം സംസ്കരിച്ച് വളമായി വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ട്. കുറഞ്ഞ ചെലവിൽ കൂടുതൽ ആദായം എന്നതാണ് ആട് കൃഷിയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചതെന്ന് മുൻ പ്രവാസിയായ ഇദ്ദേഹം പറയുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com