
തിരുവമ്പാടി മലയോര, കുടിയേറ്റ നിവാസികളുടെ ചിരകാലാഭിലാഷമായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത യു. ഡി.എഫ്. സർക്കാർ സമയബന്ധിതമായി യാഥാർഥ്യമാക്കുമെന്ന് സി.കെ. കാസിം എം. എൽ.എ.
വി.ഡി. സതീശൻ സർക്കാരിന്റെ കൂടി സ്വപ്‌പ്ന പദ്ധതിയാണിത്. 2011-16 ൽ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച പദ്ധതിയാണിതെന്നും എം.എൽ.എ. വ്യക്തമാക്കി.
തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്ത എം.എൽ. എ.ക്ക് ആശംസകളോടെ വികസനത്തുടർച്ച മുൻ നിർത്തി മുൻ എം. എൽ. എ. ലിന്റോ ജോസഫ് സമർപ്പിച്ച നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തുരങ്കപാതയുമായി ബന്ധപ്പെട്ട് ഉടൻതന്നെ ഉന്നതതലയോഗം വിളിച്ചു ചേർക്കും. കുടിയേറ്റ ജനതയുടെ ജീവൽപ്രശ്നമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം തൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണെന്നും ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയ്ക്ക് നേരിട്ട് നിവേദനം നൽകിയതായും അദ്ദേഹം അറിയിച്ചു.
കാർഷിക, ടൂറിസം മേഖലയിൽ ഉൾപ്പെടെ മലയോര മേഖലയുടെ സമഗ്ര വികസന പദ്ധതികളാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ പത്ത് വർഷമായി എൽ.ഡി.എഫ്. പ്രതിനിധീകരിച്ച മണ്ഡലം ഇക്കുറി യു.ഡി.എഫ്. തിരിച്ചുപിടിക്കുകയായിരുന്നു.
വികസതുടർച്ചയ്ക്ക്യാതൊരു തടസ്സവും യു.ഡി.എഫ്. ഭരണത്തിൽ ഉണ്ടാകില്ലെന്നും മുൻ എം.എൽ.എ. യുടെ കാലത്ത് തുടങ്ങിവെച്ച ഓരോ പദ്ധതികളും സയമബന്ധിതമായി തന്നെ പൂർത്തിയാക്കുമെന്നും സി. കെ. കാസിം എം. എൽ.എ. വ്യക്തമാക്കി.



