
പുതുപ്പാടി: ചുരത്തിലെ 6,7,8 വളവുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് സി.കെ.കാസിം എംഎൽഎ ദേശീയപാതാ വിഭാഗം അധികൃതരോട് ആവശ്യപ്പെട്ടു. നവീകരണ പ്രവൃത്തി നടക്കുന്ന ഭാഗങ്ങൾ ഇന്നലെ രാവിലെ ദേശീയപാതാ ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശിച്ച എംഎൽഎ നിർമാണ പുരോഗതി വിലയിരുത്തി. മൾട്ടി ആക്സിൽ, ഭാരവാഹനങ്ങൾക്കുള്ള വിലക്ക് പ്രവൃത്തി പൂർത്തീകരിക്കും വരെ കർശനമായി തുടരണമെന്ന് എംഎൽഎ പൊലീസിനോട് ആവശ്യപ്പെട്ടു. ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സവും കുരുക്കും പരിഹരിക്കാൻ ആവശ്യമായ നിയന്ത്രണങ്ങളും നടപടികളും പൊലീസ് സ്വീകരിക്കണം. ചുരത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് കോഴിക്കോട്, വയനാട് കലക്ടർമാരുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം വിളിക്കും. വ്യൂ പോയിന്റിനു സമീപം മലയിടിച്ചിൽ ഉണ്ടായ സ്ഥലത്ത് സംരക്ഷണ നെറ്റ് സ്ഥാപിക്കുന്നത് ഉടൻ പൂർത്തിയാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി, വൈസ് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ്, ചുരം ബൈപാസ് ആക്‌ഷൻ കമ്മിറ്റി ചെയർമാൻ വി.കെ.ഹുസൈൻകുട്ടി, ജനറൽ കൺവീനർ ടി.ആർ.ഒ.കുട്ടൻ, ദേശീയപാതാ വിഭാഗം അസിസ്റ്റന്റ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.വി.സൂജീഷ്, അസിസ്റ്റന്റ് എൻജിനീയർ എം.സലിം, ജില്ലാ പഞ്ചായത്ത് മെംബർ രാജേഷ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ബിന്ദു സന്തോഷ്, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് വി.കെ.മൊയ്തു മുട്ടായി, ഷാഫി വളഞ്ഞപാറ, സി.എ.മുഹമ്മദ്, പ്രവൃത്തി കരാർ എടുത്ത ചൗധരി കൺസ്ട്രക്‌ഷൻസ് കമ്പനി പ്രതിനിധികൾ എന്നിവരും അവലോകന പരിപാടിയിൽ പങ്കെടുത്തു.



