എല്ലാവർക്കും ഒരുപാട് നന്ദി.., നിറകണ്ണുകളോടെ ഉമ്മയുടെ അരികിൽ, പുതുജീവിതത്തിലേക്ക് അബ്ദുല്‍ റഹീം

കോഴിക്കോട്: ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന് ഇനി പുതുജീവിതം. 20 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് സൗദിയില്‍ ജയില്‍ മോചിതനായ അബ്ദുല്‍ റഹീം നാട്ടിലെത്തി.
വീട്ടില്‍ തിരിച്ചെത്തിയ റഹീമിനെ കാണാൻ നിരവധി പേരാണ് എത്തിയത്. 20 വർഷത്തിന് ശേഷം ഉമ്മയെ കണ്ട റഹീ വികാരഭരിതനായി. പ്രാർഥിച്ചവർക്കും സഹായിച്ചവർക്കും നന്ദിയെന്നാണ് അബ്ദുല്‍ റഹീമിന്റെ ആദ്യപ്രതികരണം. ബന്ധുക്കളും പ്രദേശവാസികളും ഉള്‍പ്പെടെ ആയിരകണക്കിന് പേരാണ് അബ്ദുല്‍ റഹീമിനെ കാണാൻ കോടാമ്പുഴയിലെ വീടിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.
ജനകീയ ഇടപെടലിലൂടെ ആണ് സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ അബ്ദുല്‍ റഹീമിനെ മോചിപ്പിച്ചത്. 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്. സൗദി സമയം രാത്രി 11.55 ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ രാവിലെ 7.35 നാണ് കരിപ്പൂര്‍ വിമാനത്താവളത്തിറങ്ങിയത്. ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയര്‍പോര്‍ട്ടില്‍ എത്തിച്ച് എമിഗ്രെഷന്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.



