
ലോകകപ്പ് വേദികൾക്ക് സമീപം ഭക്ഷണം വിൽക്കാൻ അവസരം
ദോഹ∙ രുചികരവും വൈവിധ്യവുമായ ഭക്ഷണ-പാനീയങ്ങൾ വിൽക്കുന്ന അംഗീകൃത ലൈസൻസുള്ള കമ്പനി ഉടമയാണെങ്കിൽ ലോകകപ്പിലെ വിൽപന അവസരങ്ങൾ പ്രയോജനപ്പെടുത്താം.ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ആസ്പയർ കത്താറ ഹോസ്പിറ്റാലിറ്റിയും ചേർന്നാണ് രാജ്യത്തെ ഭക്ഷണ- പാനീയ മേഖലയിലുള്ളവർക്ക് ലോകകപ്പ് വേദികളുടെ പരിസരത്തും വിനോദ പരിപാടികൾ നടക്കുന്ന ഇടങ്ങളിലും വിൽപനയ്ക്ക് അവസരം ഒരുക്കുന്നത്.400 ലധികം വിൽപന സ്റ്റാന്റുകളാണ് അധികൃതർ സ്ഥാപിക്കുന്നത്. മധ്യപൂർവ ദേശത്തെ പ്രഥമ ഫിഫ ലോകകപ്പിൽ പങ്കാളികളാകാൻ രാജ്യത്തെ എല്ലാ ഭക്ഷണ-പാനീയ വിൽപന കമ്പനികളും മുന്നോട്ടു വരണമെന്നാണ് ആസ്പയർ കത്താറ ഹോസ്പിറ്റാലിറ്റി ചെയർമാൻ ഡോ.ഖാലിദ് ഇബ്രാഹിം അൽ സുലൈത്തി ആഹ്വാനം ചെയ്തത്.
എങ്ങനെ, എവിടെ? സ്റ്റേഡിയങ്ങളുടെ പരിസരങ്ങൾ, കോർണിഷിലെ 6 കിലോമീറ്റർ നീളുന്ന കാർണിവൽ നഗരി, ലോകകപ്പിന്റെ മറ്റ് വിനോദ പരിപാടികളുടെ വേദികൾ എന്നിവിടങ്ങളിലായി 400 ലധികം വിൽപന യൂണിറ്റുകൾ വാടകയ്ക്ക് ലഭിക്കും. താൽപര്യമുള്ളവർക്ക് വിശദ വിവരങ്ങൾ സഹിതം അപേക്ഷിക്കാം. ഏത് തരം ഭക്ഷണ, പാനീയങ്ങൾ ആണ് വിൽക്കുന്നത്, പ്രാദേശിക വിപണിയിലെ പരിചയം, നിലവിൽ എത്ര ശാഖകൾ ഉണ്ട്, ഏത് തരം യൂണിറ്റാണ് വേണ്ടത് (നിലവിലെ കിയോസ്‌കി അല്ലെങ്കിൽ ഒഴിഞ്ഞ ഭൂമി), വിൽപന ആശയത്തെക്കുറിച്ചുള്ള വിവരങ്ങൾ, അംഗീകൃത ഹെൽത്ത് സർട്ടിഫിക്കറ്റുള്ള ജീവനക്കാർ എത്ര പേർ, ഫുഡ് സേഫ്റ്റി നടപടികൾ, എന്നിവയ്ക്ക് പുറമെ വാണിജ്യ റജിസ്‌ട്രേഷൻ, കമ്പനി കംപ്യൂട്ടർ കാർഡ്, ഉടമയുടെ ഖത്തർ ഐഡി തുടങ്ങിയ രേഖകളും നൽകണം.
അപേക്ഷ നൽകാം സെപ്റ്റംബർ 15 വരെയാണ് അപേക്ഷകൾ നൽകാനുള്ള സമയപരിധി. ഓരോ അപേക്ഷകളും ഇവാല്യുവേഷൻ കമ്മിറ്റി വിശദമായി പരിശോധിച്ച് വിലയിരുത്തിയ ശേഷമാകും തിരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക്: activationpopups@ akh.com.qa.. അപേക്ഷകൾ സമർപ്പിക്കാനുള്ള ലിങ്ക്: https://forsa2022.qa/
ബസ് വഴി വീണ്ടും ഉംറ തീർഥാടനം
ദോഹ: അഞ്ചുവർഷത്തിലേറെ നീണ്ട കാത്തിരിപ്പിനുശേഷം, ഖത്തറിൽനിന്നും ബസ് വഴിയുള്ള ആദ്യ ഉംറ സംഘം ബുധനാഴ്ച മക്കയിലേക്ക് യാത്ര പുറപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയ ശേഷം, കഴിഞ്ഞ സെപ്റ്റംബർ മുതൽ വിമാനമാർഗം ഉംറ സജീവമായിരുന്നുവെങ്കിലും ബസ് മാർഗമുള്ള ആദ്യ ഉംറ തീർഥാടനത്തിനാണ് കഴിഞ്ഞ ദിവസം മുതൽ തുടക്കമായത്. ഖത്തറിലെ പ്രമുഖ ഹജ്ജ് – ഉംറ ഏജൻസിയായ ഹംലത്തുൽ ഹമ്മാദിയുടെ കീഴിൽ 46 പേരടങ്ങിയ സംഘമാണ് ആദ്യ ബസ് തീർഥാടന യാത്രയിലുള്ളത്.പത്തു ദിവസത്തെ ഉംറ യാത്രയിൽ ആറുദിവസം മക്കയിലും രണ്ടുദിവസം മദീനയിലും രണ്ടുദിവസം യാത്രക്കുമായാണ് ക്രമീകരിച്ചത്. ഇതിനുപുറമെ, മക്കയിലെയും മദീനയിലെയും ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്യും. 2017ൽ ഖത്തറിനെതിരെ ഗൾഫ് രാഷ്ട്രങ്ങൾ പ്രഖ്യാപിച്ച ഉപരോധത്തെത്തുടർന്നാണ് ബസ് വഴിയുള്ള ഉംറയാത്ര മുടങ്ങിയത്. ഉപരോധം പിന്നീട് പിൻവലിച്ചെങ്കിലും കോവിഡ് കാരണം പുനഃസ്ഥാപിക്കുന്നത് വൈകി. 2021 സെപ്റ്റംബറിലാണ് വീണ്ടും ഉംറ അനുവദിച്ചു തുടങ്ങുന്നത്. എന്നാൽ, വിമാന മാർഗമായിരുന്നു യാത്ര. ഇത്തവണ പുതിയ ഹിജ്റ വർഷം ആരംഭിച്ചതിനു പിന്നാലെയാണ് ബസ് മാർഗമുള്ള തീർഥാടനത്തിനും അനുമതി നൽകിത്തുടങ്ങിയത്. വരും ആഴ്ചകളിൽ ബസ് വഴി യാത്രകൾ സജീവമാവും. മലയാളി സംഘടനകളുടെയും ഗ്രൂപ്പുകളുടെയും നേതൃത്വത്തിലും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സി.ഐ.സി ഖത്തർ നേതൃത്വത്തിലുള്ള ആദ്യ യാത്രസംഘം സെപ്റ്റംബർ ഏഴിന് പുറപ്പെടുമെന്ന് ഉംറ സെൽ കോഓഡിനേറ്റർ അറിയിച്ചു.
ലോകകപ്പ്: ഹയാ കാർഡ് സുരക്ഷിതമെന്ന് അധികൃതർ, ടിക്കറ്റ് എടുത്തവർക്ക് കാർഡ് നിർബന്ധം
ദോഹ∙ ലോകകപ്പ് കാണികൾക്ക് രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള ഡിജിറ്റൽ ഹയാ കാർഡുകളിലെ ഡേറ്റകൾ പൂർണമായും സുരക്ഷിതമെന്ന് അധികൃതർ. കാണികൾക്കുള്ള ഫാൻ ഐഡിയാണ് ഹയാ കാർഡുകൾ. ഉടമകളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതാണ് കാർഡ്. അതുകൊണ്ടു തന്നെ കാർഡുകളിലെ ഡേറ്റ സുരക്ഷിതമാക്കാൻ നൂതന സുരക്ഷാ സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് അൽഖാസ് ചാനലിന്റെ മജ്‌ലിസ് പ്രോഗ്രാമിൽ പങ്കെടുക്കവേ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഹയാ ഡിജിറ്റൽ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടിവ് ഡയറക്ടർ സയീദ് അലി അൽ ഖുവാരി വെളിപ്പെടുത്തി.സ്മാർട് ഫോണുകളിൽ ഡിജിറ്റൽ ഹയാ കാർഡുകളുടെ സ്‌ക്രീൻ ഷോട്ട് എടുക്കാൻ കഴിയില്ലെന്നതാണ് പ്രധാന സുരക്ഷാ സവിശേഷത. കാർഡ് ഉടമയുടെ വ്യക്തിഗത വിവരങ്ങളും ക്യൂആർ കോഡും ഉൾപ്പെടുന്നതിനാൽ ഡിജിറ്റൽ കാർഡിന്റെ സ്‌ക്രീൻ ഷോട്ട് എടുക്കൽ മാത്രമല്ല വിവരങ്ങളുടെ സ്‌ക്രീൻ വിഡിയോ റെക്കോർഡിങ്ങും സാധ്യമല്ല. സ്റ്റേഡിയങ്ങളിൽ ഹയാ കാർഡ് റീഡ് ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ കാർഡ് സ്‌കാൻ ചെയ്യുമ്പോൾ തന്നെ കാർഡ് ഉടമയുടെ ചിത്രം സഹിതമുള്ള വിവരങ്ങളാണ് തെളിയുക.ലോകകപ്പിനായാണ് സുപ്രീം കമ്മിറ്റി ഹയാ കാർഡുകൾ ഡിസൈൻ ചെയ്തതെങ്കിലും കഴിഞ്ഞ വർഷം മുതൽ മത്സരടിക്കറ്റിനൊപ്പം ഖത്തറിന്റെ മറ്റ് പ്രധാന കായിക ടൂർണമെന്റുകളിലേക്കുള്ള എൻട്രി കാർഡുകൾ കൂടിയായി ഹയാ കാർഡുകൾ മാറിക്കഴിഞ്ഞു.വിദേശീയരായ കാണികൾക്കുള്ള പ്രവേശന വീസ കൂടിയാണിത്



