താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്; വാഹനങ്ങളുടെ നീണ്ട നിര, യാത്രക്കാർ ശ്രദ്ധിക്കുക

നിലവിൽ രണ്ടാം വളവ് മുതൽ മുകളിലേക്ക് വാഹനനിരയുണ്ട്
താമരശ്ശേരി : അവധി ദിനമായതിനാൽ മൈസൂരു, ഗുണ്ടൽപേട്ട് ഭാഗങ്ങളിലേക്ക് അതിരാവിലെ തന്നെയുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങളുടെ ഒഴുക്കും ഒപ്പം വലിയ മൾട്ടി ആക്സിൽ ഭാരവാഹനങ്ങളുടെ സാന്നിധ്യവുമാണ് ചുരത്തിൽ നിലവിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കിയിരിക്കുന്നത്. വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതിനാൽ ഗതാഗതം തീർത്തും മന്ദഗതിയിലാണ്. അത്യാവശ്യ യാത്രക്കാർ സമയം മുൻകൂട്ടി കണ്ട് മാത്രം യാത്ര തിരിക്കുക.
യാത്രക്കാർ യാതൊരു കാരണവശാലും അനാവശ്യമായി ഓവർടേക്ക് ചെയ്ത് എതിർദിശയിൽ നിന്നുവരുന്ന വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കരുത്. ചുരം കയറുന്നതിന് മുൻപായി വാഹനങ്ങളിൽ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് ഉറപ്പുവരുത്തുക. കൂടാതെ, കൂടുതൽ സമയം റോഡിൽ കുരുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ കുടിവെള്ളവും ലഘുഭക്ഷണങ്ങളും കൈയിൽ കരുതുന്നത് നന്നായിരിക്കും.



