KERALA NEWS

ഓൺലൈൻ വായ്പാ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്; ആപ്പുകളും എ.പി.കെ ഫയലുകളും സൂക്ഷിക്കുക

വ്യാജ വായ്പ്പാ വാഗ്ദാനങ്ങൾ നൽകി വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴിയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ എന്നിവ വഴിയുമാണ് തട്ടിപ്പുകാർ പ്രധാനമായും ഇരകളെ കണ്ടെത്തുന്നത്.

തട്ടിപ്പ് രീതി ഇങ്ങനെ:
അംഗീകൃത ആപ്പുകളെന്ന വ്യാജേന നൽകുന്ന എ.പി.കെ (APK) ഫയലുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിച്ചാണ് തട്ടിപ്പിന്റെ തുടക്കം. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിലെ കോൺടാക്റ്റുകൾ, കോൾ ഡീറ്റെയ്‌ലുകൾ, ക്യാമറ, മൈക്രോഫോൺ, ലൊക്കേഷൻ എന്നിവയുടെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈയിലാകും. തുടർന്ന് ആധാർ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ, ജോലി സംബന്ധമായ രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടും.
വിശ്വാസ്യത വരുത്താനായി ‘ലോൺ അപ്രൂവ്ഡ്’ എന്ന സന്ദേശത്തോടൊപ്പം ചെറിയൊരു തുക അക്കൗണ്ടിലേക്ക് അയച്ചുനൽകും. തുടർന്ന് പ്രോസസിങ് ഫീ, ജി.എസ്.ടി, ഇൻഷുറൻസ്, വെരിഫിക്കേഷൻ ചാർജ് എന്നീ പേരുകളിൽ പല ഘട്ടങ്ങളിലായി വൻ തുക കൈക്കലാക്കി മുങ്ങുകയാണ് പതിവ്.

ഭീഷണിയും വ്യക്തിഗത വിവര ദുരുപയോഗവും:
കൈക്കലാക്കുന്ന വ്യക്തിഗത രേഖകളും ഫോട്ടോകളും ദുരുപയോഗം ചെയ്ത് ആളുകളെ ഭീഷണിപ്പെടുത്തുന്ന പ്രവണതയും വർധിച്ചുവരുന്നുണ്ട്. ഫോണിൽ നിന്ന് ചോർത്തുന്ന ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടുന്നു. കൂടാതെ, ഇരകളുടെ കെ.വൈ.സി (KYC) രേഖകൾ ഉപയോഗിച്ച് വ്യാജ ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും എടുത്ത് മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്താനും തട്ടിപ്പുകാർ മുതിരുന്നു. ഒരു തട്ടിപ്പ് നടത്തിക്കഴിഞ്ഞാൽ ആപ്പും വെബ്സൈറ്റും ഉപേക്ഷിച്ച് പുതിയ പേരിൽ ഇവർ വീണ്ടും രംഗത്തിറങ്ങും.

പോലീസിന്റെ പ്രധാന നിർദേശങ്ങൾ:
അംഗീകൃത ആപ്പുകൾ മാത്രം: പ്ലേസ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി മാത്രം വായ്പാ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
ആർ.ബി.ഐ അംഗീകാരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നു മാത്രം വായ്പകൾ എടുക്കുക.
APK ഫയലുകൾ ഒഴിവാക്കുക: അജ്ഞാത ലിങ്കുകൾ വഴി അയച്ചുനൽകുന്ന എ.പി.കെ ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്.
മുൻകൂർ പണം നൽകരുത്: മുൻകൂർ പണം ആവശ്യപ്പെടുന്ന വായ്പാ സ്ഥാപനങ്ങളെ പൂർണമായും ഒഴിവാക്കുക.
വിവരങ്ങൾ പങ്കുവെക്കരുത്: ആധാർ, പാൻ, ബാങ്ക് വിവരങ്ങൾ, ഒ.ടി.പി, യു.പി.ഐ പിൻ, സി.വി.വി തുടങ്ങിയ sensitive വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുത്.
തട്ടിപ്പിനിരയായാൽ എന്തുചെയ്യണം?
ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ആദ്യ മണിക്കുറുകളിൽ തന്നെ (Golden Hour) പരാതിപ്പെടുക.
ഹെൽപ് ലൈൻ നമ്പർ: 1930 (ടോൾ ഫ്രീ)
ഔദ്യോഗിക പോർട്ടൽ: www.cybercrime.gov.in

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com