KERALA NEWSNews

ലൈഫ് ഭവന പദ്ധതി കിട്ടാക്കനിയോ? അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഒരു മാസമായിട്ടും തുടർ നടപടിയില്ല

ലൈഫ് ഭവന പദ്ധതിയുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ച് ഒരു മാസമായിട്ടും തുടർ നടപടികളായില്ല. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിൽ വീടു സ്വപ്നം കണ്ടു കഴിയുന്ന ആയിരക്കണക്കിനു ഗുണഭോക്താക്കൾ നിരാശയിൽ. 2017ൽ ആരംഭിച്ച സമ്പൂർണ പാർപ്പിട സുരക്ഷ ലൈഫ് പദ്ധതി 5 വർഷം പൂർത്തിയാകുമ്പോഴും വീടിനായി കാത്തിരിക്കുകയാണ് ഒട്ടേറെ കുടുംബങ്ങൾ. കഴിഞ്ഞ ഓഗസ്റ്റ് 16ന് അന്തിമ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പട്ടിക പ്രസിദ്ധീകരിച്ച് ഒരു മാസം പിന്നിട്ടിട്ടും പട്ടികയിലുള്ളവർ എഗ്രിമെന്റ് വയ്ക്കുന്നത് ഉൾപ്പെടെയുള്ള തുടർ നടപടികൾക്കായി പഞ്ചായത്ത് ഓഫിസുകൾ കയറിയിറങ്ങുന്ന ദുരവസ്ഥയാണ്.

അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചതോടെ വീട് എന്ന പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളുടെ സ്വപ്ന സാക്ഷാത്കാരമാണ് നീളുന്നത്.2020ൽ ഓൺലൈൻ മുഖേനയാണു ലൈഫ് പദ്ധതിക്ക് അപേക്ഷ സ്വീകരിച്ചത്. വിവിധ പരിശോധനകൾക്കും അപ്പീലിനും ശേഷം ഗ്രാമസഭകൾ അംഗീകരിച്ച ഭൂമിയുള്ളവരും അല്ലാത്തവരുമായ ഭവനരഹിതരാണ് അന്തിമ പട്ടികയിലുള്ളത്. അപ്പീൽ നൽകിയിട്ടും ലിസ്റ്റിൽ ഇടം കിട്ടാതെ പോയവരെ ഗ്രാമസഭകളിലൂടെ ചേർക്കാം എന്ന നിർദേശം ഉണ്ടായിരുന്നതിനാൽ ഗ്രാമസഭകൾ വഴി വിട്ടുപോയവരെ ഉൾപ്പെടുത്താൻ തീരുമാനമായെങ്കിലും പലരെയും പരിഗണിച്ചില്ല. 2017ലെ കുടുംബശ്രീ സർവേക്കു ശേഷം പദ്ധതിയിൽ ഉൾപ്പെടാതിരുന്നവരാണ് 2020ൽ വീണ്ടും അവസരം കാത്തിരുന്നത്.

2017ൽ കുടുംബശ്രീയാണു വിവരങ്ങളിൽ അന്വേഷണം നടത്തിയിരുന്നത്. ഇപ്പോൾ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്.അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചതല്ലാതെ തുടർ നടപടികളൊന്നും ഉണ്ടായില്ല. ഓരോ സാമ്പത്തിക വർഷവും എത്ര പേരെ ലൈഫിൽ പരിഗണിക്കണമെന്നതും അവ്യക്തം. ലിസ്റ്റിലെ എല്ലാവർക്കും വീട് ലഭിക്കുമോ എന്നതും ചോദ്യചിഹ്നം തന്നെ. 2020ൽ ആരംഭിച്ച ലിസ്റ്റ് തയാറാക്കൽ നടപടി വൈകിയ സാഹചര്യത്തിൽ 2021 ഡിസംബർ വരെയുള്ള റേഷൻ കാർഡ് ഉടമകളെ പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇതും ഗുണഭോക്താക്കൾക്ക് തിരിച്ചടിയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാകട്ടെ ഗുണഭോക്താക്കളോട് എന്തു മറുപടി പറയണമെന്നറിയാതെ വലയുകയുമാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com