KERALA NEWSNews

ഷാരോണിന്റെ മരണം കൊലപാതകം; വിഷം കൊടുത്ത് കൊലപ്പെടുത്തിയതായി വനിതാ സുഹൃത്ത് സമ്മതിച്ചു

തിരുവനന്തപുരം ∙ പാറശാലയിൽ കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്‍സി വിദ്യാർഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കൊലപാതകമെന്നു തെളിഞ്ഞു. ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയതായി വനിതാ സുഹൃത്ത് ഗ്രീഷ്മ പൊലീസിനു മുന്നിൽ കുറ്റസമ്മതം നടത്തി. തമിഴ്നാട്ടിലെ തിരുവിതാംകോട് മുസ്‌ലിം ആർട്സ് കോളജ് രണ്ടാം വർഷ എംഎ വിദ്യാർഥിനിയാണ് ഗ്രീഷ്മ. ഷാരോണിന്റെ കോളജും ഇതിനോടു ചേർന്നാണ്. അതേസമയം, ഷാരോണിന്റെ കൊലപാതകത്തിൽ മറ്റൊരാൾക്കു കൂടി നേരിട്ടു പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ഫെബ്രുവരിയിൽ വിവാഹം നിശ്ചയിച്ചിരുന്നതിനാൽ അതിനു മുന്നോടിയായി ഷാരോണിനെ ഒഴിവാക്കുകയായിരുന്നു കൊലപാതകത്തിന്റെ ഉദ്ദേശ്യം. കോപ്പർ സൾഫേറ്റ് എന്ന വിഷാംശമാണ് കഷായത്തിൽ കലർത്തി നൽകിയതെന്നാണ് വിവരം. വീട്ടിൽ താമസിക്കുന്ന കർഷകനായ അമ്മാവൻ സൂക്ഷിച്ചിരുന്ന കീടനാശിനിയാണ് പെൺകുട്ടി ഷാരോണിനു നൽകിയത് എന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. വിഷം നൽകുന്നതിനു മുൻപ് വിശദാംശങ്ങൾക്കായി ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞതായും സൂചനയുണ്ട്. ഗ്രീഷ്മയുടെ അറസ്റ്റ് ഉടനുണ്ടാകും.

അന്വേഷണ വിവരങ്ങൾ അറിയിക്കുന്നതിനായി എഡിജിപി എം.ആർ.അജിത്കുമാർ ഉടനെ മാധ്യമങ്ങളെ കാണും.പാറശാല പൊലീസിൽനിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ‌പെൺകുട്ടിയെ ഇന്ന് സുദീർഘമായി ചോദ്യം ചെയ്തിരുന്നു. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്.പൊലീസ് ചോദ്യം ചെയ്യുന്ന വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് കഷായവും ജൂസും കഴിച്ചതിനു പിന്നാലെയാണ് ഷാരോൺ ഛർദ്ദിച്ച് അവശനായതും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുന്നതും. റൂറൽ എസ്പി ഡി.ശിൽപയുടെ നേതൃത്വത്തിലാണ് വനിതാ സുഹൃത്തിനെ ചോദ്യം ചെയ്തത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതിനു പിന്നാലെ മൊഴി നൽകാൻ എത്തണമെന്നു കാണിച്ച് പെൺകുട്ടിക്ക് കത്ത് നൽകിയിരുന്നു.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ.ജോൺസൺ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. റൂറൽ എസ്പിയും എഎസ്പി സുൽഫിക്കറും അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്നുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുവും രാവിലെ പത്തരയോടെ മൊഴി നൽകാനായി ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയിരുന്നു. നാലു പേരെയും ഒറ്റയ്ക്കും, കൂട്ടായും ഇരുത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com