
മാവൂർ: ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് എടവണ്ണപ്പാറ-കോഴിക്കോട് റൂട്ടിൽ തുടരുന്ന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് തിങ്കളാഴ്ച മുതൽ മാവൂർ റൂട്ടിലും സ്വകാര്യ ബസുകൾ സർവിസ് നിർത്തിവെക്കുന്നു. മാവൂരിൽനിന്ന് കോഴിക്കോട്, മുക്കം, എൻ.ഐ.ടി, കൂളിമാട്, ചെറുവാടി, അരീക്കോട് തുടങ്ങിയ റൂട്ടുകളിലേക്കുള്ള ബസുകളാണ് അനിശ്ചിത കാലത്തേക്ക് സർവിസ് നിർത്തിവെക്കുന്നത്.
എടവണ്ണപ്പാറയിൽ നിന്ന് കോഴിക്കോട്, മാവൂർ, രാമനാട്ടുകര, പുതിയേടത്തു പറമ്പ് റൂട്ടിലോടുന്ന ബസുകളാണ് വെള്ളിയാഴ്ച വൈകീട്ട് മുതൽ സർവിസ് നിർത്തിവെച്ചിരുന്നത്. നിരന്തരമായി ബസ് തൊഴിലാളികൾക്കുനേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് മാവൂർ റൂട്ടിലും പണിമുടക്ക് പ്രഖ്യാപിച്ചത്. എടവണ്ണപ്പാറ-കോഴിക്കോട് റൂട്ടിൽ ഓടുന്ന ഡി.ജെ ഡോട്ട് കോം ബസ് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച മിന്നൽ പണിമുടക്ക് തുടങ്ങിയത്. വെള്ളിയാഴ്ച വൈകുന്നേരം പെരുവയൽ അങ്ങാടിയിലായിരുന്നു സംഭവം.ബസ് ജീവനക്കാർ വെള്ളിയാഴ്ച മാവൂർ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരം വ്യാപിപ്പിക്കുന്നത്.



