
കോഴിക്കോട് ∙ നഗരത്തിൽ പൊലീസ് നടത്തിയ പ്രത്യേക രാത്രി പരിശോധനയിൽ കൊലക്കേസിലെ പ്രതി ഉൾപ്പെടെ 24 വാറന്റ് പ്രതികളും 10 പിടികിട്ടാപ്പുള്ളികളും പിടിയിൽ. മദ്യപിച്ച് വാഹനം ഓടിച്ചതിനു 22 പേരെ പിടികൂടി. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചതിനു 29 കേസുകൾ റജിസ്റ്റർ ചെയ്തു. ആകെ 112 കേസുകൾ റജിസ്റ്റർ ചെയ്തു.പന്തീരാങ്കാവ് സ്റ്റേഷനിൽ 2021ൽ റജിസ്റ്റർ ചെയ്ത എടക്കണ്ടി വിപിൻ വധക്കേസിലെ പ്രതിയായ ഒളവണ്ണ മാമ്പുഴക്കാട്ട് മീത്തൽ മജിത്തിനെയാണു പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. കേസിൽ ഇയാളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് ജാമ്യത്തിലിറങ്ങി. വിചാരണവേളയിൽ ഹാജരാകാത്തതിനാൽ കോടതി വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.പൊലീസ് വീട്ടിലെത്തിയാണ് പ്രതിയെ പിടികൂടിയത്. 2 പോക്സോ കേസ് പ്രതികൾ ഉൾപ്പെടെയാണു 10 പിടികിട്ടാപ്പുള്ളികളെ പിടികൂടിയത്.വിദേശത്തുള്ള പിടികിട്ടാപ്പുള്ളികൾക്കായി തിരച്ചിൽ സർക്കുലർ പുറത്തിറക്കുമെന്നു കമ്മിഷണർ എ.അക്ബർ അറിയിച്ചു. സിറ്റി പരിധിയിലെ മുഴുവൻ അസിസ്റ്റന്റ് കമ്മിഷണർമാർ, ഇൻസ്പെക്ടർമാർ, എസ്ഐമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ക്വാഡുകളായാണ് വെള്ളിയാഴ്ച രാത്രി പൊലീസ് നഗരത്തിൽ പരിശോധന നടത്തിയത്.



