
കൊടിയത്തൂർ : നീർനായകളുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ പരിഹാരമുണ്ടാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമംതുടങ്ങി. നീർനായയുടെ ആക്രമണമുണ്ടാവാറുള്ള ഇരുവഞ്ഞിപ്പുഴയുടെയും ചാലിയാറിന്റെയും തീരങ്ങളിൽ വനംവകുപ്പിലെയും സി.ഡബ്ല്യു.ആർ.ഡി.എമ്മിലെയും ഉദ്യോഗസ്ഥരുടെ സംഘം സന്ദർശനം നടത്തി.മുൻകരുതൽ നടപടികൾക്കായാണ് സന്ദർശനം. ചെറുവാടിക്കടവ് മുതൽ ചാലിയാർ-ഇരുവഞ്ഞി സംഗമപ്രദേശമായ കൂട്ടക്കടവുവരെയുള്ള തീരങ്ങളാണ് സന്ദർശിച്ചത്. കഴിഞ്ഞവർഷം നീർനായ ആക്രമണത്തിനിരയായ താഴെ കമ്പളത്ത് അബ്ദുസ്സലാമിൽനിന്ന് സംഘം വിവരങ്ങൾ ശേഖരിച്ചു. പുഴയുടെ സമീപവാസികളായ കുവപ്ര കുട്ടിഹസ്സൻ ഹാജി, തറമ്മൽ കുട്ടൂസ, കൂട്ടക്കടവത്ത് മുഹിയുദ്ദീൻ എന്നിവരിൽനിന്നും സംഘം വിവരങ്ങൾ ശേഖരിച്ചു. നീർനായകളുടെ വാസസ്ഥലങ്ങൾ, ആക്രമണമുണ്ടാവുന്ന സ്ഥലങ്ങൾ തുടങ്ങിയവയും പരിശോധിച്ചു. താമരശ്ശേരി ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സത്യൻ, സി.ഡബ്ല്യു.അർ.ഡി.എം. സയന്റിസ്റ്റ് ഡോ. ജയസൂര്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.ആവാസവ്യവസ്ഥകൾ നശിച്ചുകൊണ്ടിരിക്കുന്നതും ജലത്തിന്റെ ഗുണനിലവാരം കുറയുന്നതും മത്സ്യങ്ങളുടെ കുറവുമായിരിക്കാം നീർനായകൾ ആക്രമണസ്വഭാവത്തിലേക്ക് മാറാൻ കാരണമെന്നാണ് പ്രാഥമികനിഗമനം. ആക്രമണം നടത്തുന്ന നീർനായകളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും ആവശ്യമായ സമഗ്രനടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നീർനായ ആക്രമണം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന പരിമിതിയും നിലനിൽക്കുന്നതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അബ്ദു സൽമാൻ പൊയിലിൽ, എൻജിനിയർ റാസിഖ് എടക്കമ്പലത്ത്, ഷഹബാസ് അഹമ്മദ് താഴത്തയിൽ എന്നിവർ സന്ദർശത്തിന് നേതൃത്വം നൽകി



