LOCAL NEWSNews

മെഡി. കോളജ് വാർഡുകളിലേക്ക് പൊതിച്ചോറ് അനുവദിക്കില്ല

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ വാർഡുകളിലേക്ക് പൊതിച്ചോറുകൾ കൊണ്ടുപോകാനും ബാക്കിവരുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ ഒരു കാരണവശാലും ആശുപത്രി വളപ്പിൽ വലിച്ചെറിയാനും അനുവദിക്കില്ല. അംഗീകൃത സംഘടനകളല്ലാതെ മെഡിക്കൽ കോളജ് പരിസരത്ത് ഭക്ഷണം വിതരണം ചെയ്യുന്നതും രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ഓൺലൈൻ വഴി ഓർഡർ നൽകുന്ന ഭക്ഷണങ്ങൾ നിരുത്സാഹപ്പെടുത്താനും നടപടികൾ സ്വീകരിക്കും.

ഭക്ഷണ മാലിന്യങ്ങൾ വർധിച്ചതിനെ തുടർന്ന് പ്രിൻസിപ്പൽ ഡോ.ഇ.വി. ഗോപി വിളിച്ചുചേർത്ത സന്നദ്ധ സംഘടനകളുടെയും മെഡിക്കൽ കോളജ് പരിസരത്തെ ഹോട്ടലുടമകളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം.അലൂമിനിയം ഫോയിൽ, കണ്ടെയ്നർ ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വർധിച്ചതിനെ തുടർന്നാണ് കടുത്ത നടപടി. പാത്രങ്ങളിൽ മാത്രമേ ഭക്ഷണവിതരണം പാടുള്ളൂവെന്നാണ് യോഗത്തിൽ പൊതുവെ ഉയർന്നുവന്ന അഭിപ്രായം. സാമൂഹികക്ഷേമ വകുപ്പിന്റെ ഫണ്ടിൽ നിന്നും 62 ലക്ഷം രൂപ ചെലവഴിച്ച് അത്യാഹിത വിഭാഗത്തിന് സമീപത്ത് നിർമിച്ച അടുക്കളയും ഡൈനിങ് ഹാളും ഉൾപ്പെടുന്ന കെട്ടിടസമുച്ചയം രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഭക്ഷണം കഴിക്കുന്നതിന് ഉപയുക്തമാക്കാൻ ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ ജില്ല കലക്ടറുടെ അനുമതി തേടുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

എ.എൻ. നീലകണ്ഠൻ, പി. മോഹനൻ, രഞ്ജിനി, പി.വി. കുട്ടൻ, ഡാനിഷ്, ഹംസ കണ്ണാട്ടിൽ, സത്യൻ മായനാട്, കെ. മരക്കാർ ഹാജി, യു. സുലൈമാൻ, സന്നദ്ധ സംഘടനകളായ സി.എച്ച്. സെന്റർ, കനിവ്, സേവാഭാരതി, ഡി.വൈ.എഫ്.ഐ, സഹായി വാദിസ്സലാം, മെഡിക്കൽ കോളജ് സംരക്ഷണ സമിതി, ട്രോമ കെയർ എന്നിവയുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com