News

മലബാർ റിവർ ഫെസ്റ്റിവൽ: പ്രചരണത്തിന് വർണാഭമായ പരിപാടികൾ

തിരുവമ്പാടി: ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയ്യതികളിൽ തുഷാരഗിരി ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ആവേശത്തുഴയെറിയുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണത്തിന് ഇക്കുറി വർണാഭമായ പരിപാടികൾ. ജൂലൈ 30 ന് വൈകുന്നേരം മൂന്ന് മണിക്ക് കോടഞ്ചേരി മുതൽ പുലിക്കയം വരെ നടത്തുന്ന ട്രയാത്തലോൺ മത്സരം പ്രചരണത്തിന്റെ പ്രധാന ആകർഷണമാവും. സൈക്ലിങ്, മാരത്തോൺ, നീന്തൽ തുടങ്ങിയവയാണ് ട്രയാത്തലോണിൽ ഉൾപ്പെടുക.

പ്രീ ഇവന്റുകളായി 100 പേരെ പങ്കെടുപ്പിച്ചുകൊണ്ട് മൂന്ന് ജില്ലകളിൽ നിന്നുള്ള സൈക്കിൾ റാലിക്ക് ജൂലൈ 30ന് പുലിക്കയത്ത് സ്വീകരണം നൽകും. കക്കാടംപൊയിലിൽ ഓഫ് റോഡ് വാഹന റാലിയും കോടഞ്ചേരിയിൽ ഓഫ് റോഡ് ചാമ്പ്യൻഷിപ്പും സംഘടിപ്പിക്കും. റെസ്പോൺസിബിൾ ടൂറിസത്തിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റും മഴ നടത്തവും സംഘടിപ്പിക്കും. പെയിന്റിംഗ് പ്രദർശനം, കൈറ്റ് ഫെസ്റ്റിവൽ തുടങ്ങിയ പരിപാടികളും റിവർ ഫെസ്റ്റിവലിന് മാറ്റ് കൂട്ടും.

ജൂലൈ 28 ന് ഓമശ്ശേരിയിൽ മഡ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറിൽ യോഗം ചേർന്നു. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എ. ഗീതയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡോ ഷൈൻ കെ എസ്, അഡ്വഞ്ചർ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ്, റെസ്പോൺസിബിൾ ടൂറിസം കോ ഓർഡിനേറ്റർ ശ്രീകലാലക്ഷ്മി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com