
കോഴിക്കോട്: സ്റ്റേഡിയം ജങ്‌ഷനിൽ വെള്ളക്കെട്ട് പരിഹരിക്കാനുള്ള അടിയന്തര അറ്റകുറ്റപ്പണിക്കിടെ ഓടയിൽനിന്ന് നീക്കിയത് ഒന്നര ലോഡ് മാലിന്യം. പ്ലാസ്റ്റിക് കുപ്പികളും കവറുകളും മുതൽ ഹോട്ടലിൽനിന്ന് ഉപേക്ഷിച്ച മൈദ ഉൾപ്പെടെ ഇതിലുണ്ട്. മൈദയടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട നിലയിലായിരുന്നു ഓട. കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെ വെള്ളക്കെട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് കോർപറേഷനും പൊതുമരാമത്ത് വകുപ്പും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും സംയുക്തമായി ഒരാഴ്‌ചയോളമായി അറ്റകുറ്റപ്പണി നടത്തുന്നത്.
വെള്ളം ഒഴുകിപ്പോകാത്തതിനെ തുടർന്നാണ് പ്രധാന ഓടയുടെ സ്ലാബുകൾ പൊളിച്ചുമാറ്റി മാലിന്യം നീക്കിത്തുടങ്ങിയത്. ഓടയിൽ വീണുകിടന്ന കോൺക്രീറ്റ് സ്ലാബുകൾ കഴിഞ്ഞ ദിവസം നീക്കിയിരുന്നുവെങ്കിലും ഒഴുക്ക് സുഗമമായില്ല. തടസ്സം നീക്കാനുള്ള ശ്രമം അടുത്ത ദിവസവും തുടരും. 266 മീറ്റർ നീളത്തിലാണ് മാൻഹോളിലിറങ്ങി ചെളി നീക്കേണ്ടിവരിക.



