LOCAL NEWS

തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ടിന് കോഴിക്കോട് ഡിടിപിസി പിന്തുണ

തിരുവമ്പാടി :പതിനാലോളം വർഷങ്ങൾക്ക് മുമ്പ് തിരുവമ്പാടി പഞ്ചായത്തിലെ കർഷകർ ആവിഷ്കരിച്ച ‘ഫാമുകളിലൂടെ ഒരു വിനോദ യാത്ര ‘ എന്ന നൂതന ആശയം വിവിധ ഘട്ടങ്ങളിലൂടെ വളർന്ന് ടൂറിസം രംഗത്ത് തന്നെ ഒരു പുതിയ മാതൃക  സൃഷ്ടിച്ചിരിക്കുകയാണ്.

കോഴിക്കോട് ഡിടിപിസി അധികൃതരുടെ ശുപാർശ പ്രകാരം കോഴിക്കോട് കക്കുഴി പാലത്തെ കർഷക സംഘം പ്രവർത്തകർക്കായി 2026 മാർച്ച് ഒന്നിന് മുൻ ചീഫ് എഞ്ചിനീയറും ഇപ്പോൾ  ടൂറിസം മേഖലയിൽ കൺസൾട്ടൻ്റായി പ്രവർത്തിച്ചു വരുകയും ചെയ്യുന്ന കൃഷ്ണൻ BTV യുടെ നേതൃത്വത്തിൽ നാൽപതോളം പേരടങ്ങുന്ന സംഘം  ഫാമുകളുടെ മനോഹാരിത ആസ്വദിക്കാനും കൃഷി അനുഭവങ്ങൾ നേരിട്ട് അറിയുന്നതിനും തിരുവമ്പാടിയിൽ എത്തി.
ആറോളം ഫാമുകളും കേരള കൃഷി വകുപ്പ് കോടഞ്ചേരി പഞ്ചായത്തിലെ കണ്ണോത്ത് ആരംഭിച്ചിരിക്കുന്ന തേൻ സംസ്കരണ കേന്ദ്രവും സന്ദർശിച്ച്, ഇരവഞ്ഞിപ്പുഴയുടെ സൗന്ദര്യവും മലയോരനാടിൻ്റെ തനത് ഭക്ഷണ വിഭവങ്ങളുടെ രുചിപ്പെരുമയും ആസ്വദിച്ചാണ് അവർ മടങ്ങിയത്. വിവിധ കാർഷിക വിഭവങ്ങൾ കർഷകരിൽ നിന്നും നേരിട്ട് സ്വന്തമാക്കാനുള്ള അവസരവും  ഈ വിനോദ യാത്രയിലൂടെ ലഭിച്ചു.
തിരുവമ്പാടിയിൽ ഫാം ടൂറിസത്തിന് വലിയ സാധ്യതയാണ് ഉള്ളതെന്നും ഇത് കേരളത്തിന് പുറത്തും ഷോകേസ് ചെയ്യപ്പെടേണ്ടതാണെന്നും കൃഷ്ണൻ BTV അഭിപ്രായപ്പെട്ടു. ഏകദിന ടൂർ പ്രോഗ്രാമുകളെ അപേക്ഷിച്ച് കൂടുതൽ വരുമാനമുണ്ടാക്കാൻ കഴിയുന്ന ഹോം സ്റ്റേ, ഫാം സ്റ്റേ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികളെക്കുറിച്ചും ആലോചിക്കാവുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശകരിൽ നിന്നും ലഭിച്ച മികച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ഡിടിപിസി അധികൃതരുടെ പ്രശംസ പലതവണ ഈ ഫാം ടൂറിസ സർക്യൂട്ടിന്  ലഭിച്ചിട്ടുണ്ട്.

നിലവിൽ കോഴിക്കോട് ജില്ലാ പഞ്ചായത്തും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും  അഞ്ച് ഗ്രാമപഞ്ചായത്തുകളും ചേർന്ന്  കൃഷി വകുപ്പ് വഴി നടപ്പാക്കുന്ന ഫാം ടൂറിസ പദ്ധതിയുടെ ഭാഗമാണ് തിരുവമ്പാടി പഞ്ചായത്തിലെ ഫാം ടൂറിസം സർക്യൂട്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com