
കോടഞ്ചേരിക്ക് പ്രത്യേകമായി ഒരു വൈദ്യുതഫീഡർ എന്ന സ്വപ്നം സാക്ഷാത്കരിച്ച് തമ്പലമണ്ണയിൽനിന്നും കോടഞ്ചേരിക്ക് ഭൂഗർഭ വൈദ്യുതകേബിൾ ചാർജ് ചെയ്തു. തമ്പലമണ്ണ സബ്സ്റ്റേഷൻമുതൽ പൂളപ്പാറ പാലംവരെ നാലു കിലോമീറ്റർ ദൈർഘ്യത്തിലാണ് ഭൂഗർഭകേബിൾ സ്ഥാപിച്ചത്. മൂന്നുകിലോമീറ്റർ ദൈർഘ്യത്തിൽ 11 കെ.വി. ലൈനും വലിച്ചിട്ടുണ്ട്. 1.75 കോടിരൂപ ചെലവഴിച്ചാണ് പദ്ധതി. ബാലുശ്ശേരി എക്സിക്യുട്ടീവ് എൻജിനിയർ നിഷാ ബാനു പദ്ധതി ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ശിവപ്രസാദ് അധ്യക്ഷനായി.മേഖലയിലെ വൈദ്യുതി തകരാറുകൾക്കും വോൾട്ടേജ് ക്ഷാമത്തിനും ഇതോടെ ഒരു പരിധിവരെ പരിഹാരമായി. നാലുകോടിയിലേറെരൂപ ചെലവഴിച്ച് നടത്തുന്ന ആധുനികവത്കരണ, വോൾട്ടേജ് മെച്ചപ്പെടുത്തൽ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഭൂഗർഭ വൈദ്യുതകേബിൾ സ്ഥാപിച്ചത്. തിരുവമ്പാടി, ഓമശ്ശേരി, പുതുപ്പാടി, സെക്‌ഷനുകളിൽനിന്നായിരുന്നു ഇതുവരെ കോടഞ്ചേരിക്ക് വൈദ്യുതി എത്തിയിരുന്നത്.കാർഷികമേഖലയിലൂടെ കടന്നുപോകുന്ന ലൈനുകളിൽ എവിടെയെങ്കിലും തകരാറുണ്ടായാൽ മേഖലയിൽ മണിക്കൂറുകൾ വൈദ്യുതി തടസ്സം പതിവായിരുന്നു. ഇനി ലൈനുകളിലെ ഓവർലോഡ് പ്രശ്നവും പ്രസരണനഷ്ടവും കുറയും.1.2 മീറ്റർ ആഴത്തിലാണ് കേബിൾ സ്ഥാപിച്ചിട്ടുള്ളത്. ഏതാനും മാസംമുമ്പ് കൊട്ടാരക്കോത്തുനിന്ന് കോടഞ്ചേരിയിലേക്ക് 1.10 കോടി ചെലവിൽ 11. കെ.വി. ലൈൻ വലിച്ചതുമൂലം മേഖലയിലെ വൈദ്യുതിവിതരണം കൂടുതൽ കാര്യക്ഷമമായി



