HEALTH

ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കാന്‍ മുന്‍കരുതല്‍ വേണം

കോഴിക്കോട്:മണ്‍സൂണ്‍ കാലത്ത് ഭക്ഷ്യ സ്ഥാപനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കാന്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദേശിച്ചു. മഴക്കാലത്ത് ഭക്ഷ്യവസ്തുക്കള്‍ വേഗത്തില്‍ കേടാകാനും ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കള്‍ വളരാനും സാധ്യത കൂടുതലായതിനാല്‍ പാചകത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം. ടാങ്കുകള്‍ വൃത്തിയാക്കുകയും ഭക്ഷ്യവസ്തുക്കള്‍ മൂടിവെച്ച് സൂക്ഷിക്കുകയും വേണം. പാചകം ചെയ്ത ഭക്ഷണം ദീര്‍ഘനേരം തുറന്ന നിലയില്‍ വെക്കരുത്. അടുക്കള, സ്റ്റോറേജ് ഏരിയ, ഫ്രീസര്‍, ഫ്രിഡ്ജ് എന്നിവ വൃത്തിയായി പരിപാലിക്കണം. സ്ഥാപനങ്ങളില്‍ ശരിയായ രീതിയില്‍ വേസ്റ്റ് മാനേജ്‌മെന്റ് നടപ്പാക്കണം.

ഈച്ച, പാറ്റ, എലി തുടങ്ങിയവയുടെ സാന്നിധ്യം ഒഴിവാക്കാന്‍ നിയന്ത്രണ നടപടികള്‍ സ്വീകരിക്കണം. സ്ഥാപനങ്ങളില്‍ പൊടിയോ മാറാലയോ (ചിലന്തിവല) ഉണ്ടാകരുത്. ഭിത്തികള്‍, മേല്‍ക്കൂര, വെന്റിലേഷന്‍ ഭാഗങ്ങള്‍ എന്നിവയും വൃത്തിയായി സൂക്ഷിക്കണം. മാലിന്യം സമയബന്ധിതമായി നീക്കം ചെയ്യുകയും ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം. ജീവനക്കാര്‍ കൈ കഴുകല്‍ ഉള്‍പ്പെടെയുള്ള വ്യക്തിശുചിത്വം പാലിക്കണം. കാലാവധി കഴിഞ്ഞതോ ഗുണമേന്മ കുറഞ്ഞതോ ആയ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കരുത്. നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴി അറിയിക്കാമെന്നും ഫുഡ് സേഫ്റ്റി അസി. കമീഷണര്‍ അറിയിച്ചു.

1,094 പരിശോധനകള്‍; 565500 രൂപ പിഴ

ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഓപറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി ജൂണ്‍ 15 മുതല്‍ 30 വരെ നടത്തിയത് 1,094 പരിശോധനകള്‍. 165 സ്ഥാപനങ്ങള്‍ക്കായി 5,65,500 രൂപ പിഴയിടുകയും 123 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും അഞ്ച് സ്ഥാപനങ്ങള്‍ക്കെതിരെ കേസ് നടപടികള്‍ ആരംഭിക്കുകയും ചെയ്തു. 593 സാമ്പിളുകള്‍ ശേഖരിച്ച് ഗുണനിലവാര പരിശോധനക്കായി ലാബിലയക്കുകയും 80 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു. സ്‌കൂളുകള്‍, മത്സ്യ സ്റ്റാളുകള്‍, തട്ടുകടകള്‍, അനാഥമന്ദിരങ്ങള്‍ എന്നിവയും പരിശോധനയില്‍ ഉള്‍പ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com