
തിരുവമ്പാടി : വിനോദസഞ്ചാരികളെ ആകർഷിക്കാൻ വിവിധ പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മലയോരമേഖലയിലും ഉണർവ് സാധ്യമാകുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2023-ഓടെ സംസ്ഥാനത്തെ 50 പാലങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുംവിധത്തിൽ വിദേശമാതൃകയിൽ ദീപാലംകൃതമാക്കും. 2025-ഓടെ പൊതുമരാമത്തുവകുപ്പിനു കീഴിലുള്ള റോഡുകളിൽ 50 ശതമാനവും ബി.എം. ആൻഡ് ബി.സി. നിലവാരത്തിലേക്ക് മാറ്റും. മലയോരഹൈവേയുടെ പ്രവൃത്തി 90 ശതമാനം പൂർത്തിയായതായും ഇത് മുഖ്യമന്ത്രിയുടെ സുപ്രധാന പദ്ധതികളിൽ ഉൾപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. മലയോരഹൈവേ യാഥാർഥ്യമാവുന്നതോടെ കാർഷിക, ടൂറിസം മേഖലയിൽ അനന്തസാധ്യതകൾക്ക് വഴിവെക്കും.പൊയിലിങ്ങാപ്പുഴയ്ക്ക് കുറുകെ തിരുവമ്പാടി-പുന്നക്കൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വഴിക്കടവ് പാലത്തിന്റെ പുനർനിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നബാർഡ് ആർ.ഐ.ഡി.എഫിൽ ഉൾപ്പെടുത്തി 5.53 കോടി രൂപ ചെലവഴിച്ചാണ് പാലം പുനർനിർമിക്കുന്നത്.
33 മീറ്റർ നീളത്തിൽ രണ്ട് സ്പാനായാണ് പാലം രൂപകല്പന ചെയ്തത്. ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയിൽ ഫൂട്ട്പാത്തും 7.50 മീറ്റർ വീതിയിൽ കാരേജ്‌വേയും ഉൾപ്പെടെ ആകെ 11 മീറ്റർ വീതിയിലാണ് പാലം പണിയുന്നത്.ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. എക്സിക്യുട്ടീവ് എൻജിനിയർ ബി. അജിത് കുമാർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, ജില്ലാപഞ്ചായത്തംഗം ബോസ് ജേക്കബ്, ഉത്തരമേഖലാ പാലം വിഭാഗങ്ങൾ സൂപ്രണ്ടിങ് എൻജിനിയർ പി.കെ. മിനി, കെ.എ. അബ്ദുറഹ്മാൻ, ഷൈനി ബെന്നി കൊച്ചുകൈപേൽ, അപ്പു കോട്ടയിൽ, ജോളി ജോസഫ്, ടോമി കൊന്നക്കൽ, കോയ പുതുവയൽ, ജോയി മ്ലാങ്കുഴി, അബ്രഹാം മാനുവൽ, ബേബി മണ്ണംപ്ലാക്കൽ, ഫൈസൽ, സി.എൻ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.



