
മുക്കം : മുക്കം നഗരസഭയിൽ അജൈവ പാഴ്‌വസ്തുശേഖരണത്തിന് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പിൻബലം. ഡിജിറ്റൽ സംവിധാനം പ്രയോജനപ്പെടുത്തി മാലിന്യശേഖരണം കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്ന പദ്ധതിക്ക് നഗരസഭയിൽ തുടക്കമായി. സ്മാർട്ട് ഗാർബേജ് സിസ്റ്റംവഴി ക്യു.ആർ. കോഡ് ഉപയോഗിച്ചാണ് അജൈവമാലിന്യം ശേഖരിക്കുക.
ഹരിതകർമസേനാംഗങ്ങൾ ഓരോ വീടുകളിലുമെത്തി മാലിന്യം ശേഖരിക്കുകയും ഇത് ഡിജിറ്റലായി രേഖപ്പെടുത്തുകയും ചെയ്യും. ഇതോടെ എത്രസ്ഥലങ്ങളിൽനിന്ന് മാലിന്യം ശേഖരിച്ചു, ആരൊക്കെ വിട്ടുപോയി തുടങ്ങിയ കാര്യങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കാനാകും. ക്യു.ആർ. കോഡ് ഉപയോഗിച്ച് സ്കാൻചെയ്ത് പരാതികൾ അറിയിക്കാനും നിർദേശങ്ങൾ നൽകാനും പണമടയ്ക്കാനും സാധിക്കുമെന്നതും ഏറെ സൗകര്യപ്രദമാണ്.മുക്കം ബി.പി. മൊയ്തീൻ സേവാമന്ദിറിൽ നടന്ന ചടങ്ങിൽ ഡയറക്ടർ കാഞ്ചനമാല പദ്ധതി ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിദ പ്രദീപ് അധ്യക്ഷയായി.കൗൺസിലർമാരായ വേണു കല്ലുരുട്ടി, വിശ്വനാഥൻ നികുഞ്ചം, വസന്തകുമാരി, സാറ കൂടാരം, ഫാത്തിമ കൊടപ്പന, അബ്ദുൽ ഗഫൂർ, ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്രൻ, ജെ.എച്ച്.ഐ.മാരായ ശ്രീജിത്ത്, ഹനീഫ, ബീധബാലൻ, ഹരിതകർമസേനാ സെക്രട്ടറി റീന തുടങ്ങിയവർ സംസാരിച്ചു



