LOCAL NEWSMUKKAMNews

മാതൃവിദ്യാലയത്തിന് ഉപഹാരമായി പൂര്‍വവിദ്യാര്‍ഥികളുടെ ഓപ്പണ്‍ ഓഡിറ്റോറിയം

ചേന്ദമംഗല്ലൂർ: മാതൃവിദ്യാലയത്തിന് ഓപ്പണ്‍ എയർ ഓഡിറ്റോറിയം സമ്മാനിച്ച്‌ നാല്‍പത്തിനാല് വർഷം മുമ്പ് പഠിച്ചിറങ്ങിയ വിദ്യാർഥികള്‍. ചേന്ദമംഗല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ 1980 എസ്.എസ്.എല്‍.സി ബാച്ചാണ് ഓഡിറ്റോറിയവും സ്‌റ്റേജും അടങ്ങുന്ന ’80 സ്ക്വയർ’ സമ്മാനിച്ചത്.

ചടങ്ങില്‍ മുൻ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബഷീർ എം.പി 80 ‘സ്ക്വയർ സ്കൂളിന് തുറന്നു കൊടുത്തു. സ്റ്റേജിന്റെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു നിർവ്വഹിച്ചു. മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ ഡോ. കെ. ആലികുട്ടി അധ്യക്ഷത വഹിച്ചു. ഇ പി മെഹറുന്നീസ അൻവർ പദ്ധതി വിശദീകരിച്ചു.

വാർഡ് കൗണ്‍സിലർമാരായ സാറ കൂടാരം, ഗഫൂർ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് അഡ്വ ഉമർ പുതിയോട്ടില്‍, സ്കൂള്‍ പ്രിൻസിപ്പാള്‍ ഇ.അബ്ദുറഷീദ്, ടി. അബ്ദുല്ല മാസ്റ്റർ, ഒ.ശരീഫുദ്ദീൻ, കെ.പി.യു അലി, എം. ബഷീർ മാസ്റ്റർ, ഡോ. ഹസ്ബുല്ല, ബന്ന ചേന്ദമംഗല്ലൂർ, എന്നിവർ സംസാരിച്ചു. ഓപ്പണ്‍ ഓഡിറ്റോറിയം ഡിസൈൻ ചെയ്ത എഞ്ചിനിയർ ഫാസില്‍ അഹമ്മദിനെ ചടങ്ങില്‍ ആദരിച്ചു. ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി സ്വാഗതവും കണ്‍വീനർ എ.എം നാദിറ നന്ദിയും പറഞ്ഞു.

മനോഹരമായ സ്റ്റേജും കരിങ്കല്‍ പാകിയ വിശാലമായ ഓപ്പണ്‍ സ്പേസും ഇരിപ്പിടവും പൂന്തോട്ടവും ഗെയിറ്റും ഉള്‍ക്കൊള്ളുന്നതാണ് ഓപ്പണ്‍ ഓഡിറ്റോറിയം. ഹൈസ്കൂള്‍ കെട്ടിടത്തിന്റെ പുറകിലെ കാടുമൂടി കിടന്ന പാറകെട്ടാണ് പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയില്‍ നാല് മാസം കൊണ്ട് മനോഹര ഉദ്യാനവും ഓഡിറ്റോറിയവുമായി മാറിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com