വെള്ളരിമലയ്ക്ക് അനധികൃതമായി ട്രക്കിംഗ് നടത്തിയ യുവാക്കളെ വനപാലകർ പിടികൂടി

ആനക്കാംപൊയിൽ : യൂട്യൂബ് വീഡിയോ കണ്ടു ആനക്കാംപൊയിലെ വനപ്രദേശത്ത് അതിക്രമിച്ചു കടന്ന എട്ടംഗ സംഘത്തെ വനപാലകർ അറസ്റ്റ് ചെയ്തു. മലപ്പുറം രാമനാട്ടുകര സ്വദേശികളായ ആറു പേരും ഇവരുടെ സഹായികളായ മുത്തപ്പൻപുഴ സ്വദേശികളായ രണ്ടു പേരും ആണ് പിടിയിലായത്. ഒരു രാത്രിയും പകലും വനപ്രദേശത്ത് കഴിച്ചുകൂട്ടിയ ശേഷമാണ് സംഘം വനപാലകരുടെ പിടിയിലായത്.
കോഴിക്കോടിന്റെ കിഴക്കൻ മലയോരത്ത് ഏറ്റവും ഉയർന്ന പ്രദേശമായ ആനക്കാംപൊയിൽ വെള്ളരിമലയിൽ നിന്നാണ് എട്ടു പേരെ വനപാലകർ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിലാണ് ഉൾ വനത്തിൽ വച്ച് ഇവർ പിടിയിലായത്. ഭഷ്യ വസ്തുക്കൾ, മദ്യം തുടങ്ങിയവയുമായാണ് ഇവർ കാട് കയറിയത്.
ബ്ലോഗ്ഗർമാരുടെ യൂട്യൂബ് വീഡിയോ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ വനത്തിൽ പ്രവേശിച്ചതെന്ന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിമൽ പറഞ്ഞു.
വന്യജീവികളുടെ താവളമായ വനപ്രദേശത്താണ് രാത്രി മുഴുവൻ സംഘം കഴിച്ചു കൂട്ടിയത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഇവിടേക്കുള്ള യാത്രയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നും വനം വകുപ്പ് പരിശോധിക്കുന്നുണ്ട്.



