LOCAL NEWSNews

റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി.

തിരുവമ്പാടി: റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ക്ലാർക്ക് ഉൾപ്പെടെ വിവിധ തസ്തികകളിലാണ് ജോലി വാഗ്ദാനംചെയ്തിരുന്നത്. 50,000 രൂപമുതൽ എട്ടുലക്ഷം രൂപ വരെ ഘട്ടംഘട്ടമായാണ് പലരിൽനിന്നായി ഈടാക്കിയിരുന്നത്. എടപ്പാൾ വട്ടംകുളം കവുപ്ര സ്വദേശിനി മുക്കം സ്വദേശി എന്നിവരടക്കമുള്ളവരുടെ പേരിലാണ് പരാതി. മുക്കം വല്ലത്തായ്‌പ്പാറ, തിരുവമ്പാടി പൊന്നാങ്കയം സ്വദേശികളാണ് ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നത്. തട്ടിപ്പുസംഘത്തിനെതിരേ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷുകളിൽ ഉദ്യോഗാർഥികൾ പരാതി നൽകിയിട്ടുണ്ട്.

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റേതെന്ന് തെറ്റിദ്ധരിക്കുന്ന ഇ-മെയിൽ ഐ.ഡി. ഉപയോഗിച്ചായിരുന്നു വൻതട്ടിപ്പ്. ചിലർക്ക് സതേൺ റെയിൽവേ ചെയർമാന്റെ പേരിൽ (അങ്ങനെയൊരു തസ്തികയില്ല) നിയമന ഉത്തരവും നൽകി. കോവിഡ് കാലത്ത് തുടങ്ങിയ തട്ടിപ്പ് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്. മലബാർ ജില്ലകളിൽനിന്നുമാത്രമായി ചുരുങ്ങിയത് അഞ്ഞൂറുപേരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

പലരും ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയുമൊക്കെയാണ് തുക സ്വരൂപിച്ചത്. സർക്കാർജോലി കിട്ടി എന്ന പ്രതീതിയിൽ നിലവിലുള്ള ജോലി കളഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്. മലയോരമേഖലയിലെ സാധാരണകുടുംബങ്ങളിൽപ്പെട്ടവരാണ് തട്ടിപ്പിനിരയായത്. പോലീസുകാരന്റെ ഭാര്യയുൾപ്പെടെ തട്ടിപ്പിനിരയായിട്ടുണ്ട്.

പരാതി ലഭിച്ചിട്ടും പോലീസ് കേസ് രജിസ്റ്റർചെയ്തിട്ടില്ല. സാമ്പത്തികത്തട്ടിപ്പുകളിൽ നേരിട്ട് കേസെടുക്കാറില്ലെന്നാണ് ഇതിനുകാരണമായി പറയുന്നത്. എന്നാൽ, കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പുനടത്തിയ കേസാണിതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.

തട്ടിപ്പ് ഇങ്ങനെ

റെയിൽവേയിൽ നിയമനവുമായി ബന്ധപ്പെട്ട വ്യാജ അറിയിപ്പ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചായിരുന്നു ഉദ്യോഗാർഥികളെ വലവീശിപ്പിടിച്ചത്. ചെന്നൈ കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം തുടക്കത്തിൽ പ്രവർത്തിച്ചിരുന്നത്. അവിടെ റെയിൽവേ ഉദ്യോഗസ്ഥരുമായുള്ള ബന്ധവും കേന്ദ്ര ഭരണകക്ഷിയുമായുള്ള ബന്ധവും പറഞ്ഞാണ് ഉദ്യോഗാർഥികളെ വശത്താക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയാണ് ‘പിൻവാതിൽ നിയമനത്തിനുള്ള’ പ്രതിഫലം വാങ്ങിച്ചിരുന്നത്.

സ്വന്തമായി വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി റെയിൽവേയുമായി ബന്ധപ്പെട്ട കുറെ ഡേറ്റകൾ അയച്ചുകൊടുത്ത് അവ കടലാസിൽ പകർത്തി തിരിച്ചയക്കണമെന്നും നിർദേശിച്ചു. ട്രെയിനിന്റെ പേരുകളും സമയങ്ങളും ഉൾപ്പെടെയുളള വിവരങ്ങളായിരുന്നു പകർത്തിയെഴുതി നൽകേണ്ടിരുന്നത്. കോവിഡ് കാലമായതിനാൽ വർക്ക്‌ അറ്റ് ഹോം എന്നുകരുതി ഉദ്യോഗാർഥികൾ ജോലി തുടർന്നു. പ്രതിഫലമായി 25,000 രൂപമുതൽ 35,000 രൂപ ഏതാനും മാസങ്ങളിലായി ബാങ്ക് അക്കൗണ്ട് വഴി നൽകി. മാന്യമായ പ്രതിഫലം ലഭിച്ചതോടെ ഉദ്യാഗാർഥികൾ ബന്ധുക്കളെയും സ്നേഹിതരെയുമെല്ലാം കണ്ണിചേർത്തു. ഈ കണ്ണി മലബാറിലാകെ പടർന്നുപന്തലിക്കുകയായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com