
താമരശ്ശേരി:കേരള സംസ്ഥാന ലോട്ടറി ക്രിസ്മസ് –പുതുവത്സര ബംപർ നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ ബംപർ അടിച്ചത് താമരശ്ശേരിയിലാണെന്ന വിവരം പരന്നതോടെ നാട് ആകാംക്ഷയിലായി. ലോട്ടറി ഏജൻസി ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം ഏറെയും. ലോട്ടറി വിൽപനക്കാരാടും ഒട്ടേറെപ്പേർ വിവരം തിരക്കി.
പിന്നീടാണ് താലൂക്ക് ഓഫിസിൽ പ്രവർത്തിക്കുന്ന ലോട്ടറി സബ് ഓഫിസിൽ നിന്ന് വിതരണം നടത്തിയ ടിക്കറ്റിലാണ് ബംപർ അടിച്ചതെന്ന് സ്ഥിരീകരിച്ചത്.ഓഫിസിൽ നടന്ന പരിശോധനയിൽ പാലക്കാട് ബസ് സ്റ്റാൻഡിലെ മൂകാംബിക ലോട്ടറി ഏജൻസി ഉടമ മധുസൂദനൻ ചില്ലറ വിൽപനക്കായി വാങ്ങിയ ടിക്കറ്റിലാണ് ബംപർ അടിച്ചതെന്ന് അറിഞ്ഞു.
താമരശ്ശേരി ഓഫിസിൽ നിന്ന് മധുസൂദനൻ ബംപർ ലോട്ടറിയുടെ 31,000 ടിക്കറ്റുകൾ വാങ്ങിയതായി അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫിസർ എസ്.അബ്ദുൽ ജലീബ് പറഞ്ഞു. 2001 ൽ ഒരു കോടിയുടെ ഭാഗ്യമിത്രയും താമരശ്ശേരി ഓഫിസ് വഴി മധുസൂദനൻ എടുത്ത് വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു. ജില്ലകൾ തിരിച്ചുള്ള ലോട്ടറി ചോദിച്ചു വാങ്ങുന്നവർ ഏറെയുള്ളതിനാലാണു പ്രധാന ഭാഗ്യക്കുറി വിൽപനക്കാർ വിവിധ ജില്ലകളിൽ നിന്നുള്ള ടിക്കറ്റുകൾ വാങ്ങി വിൽപന നടത്തുന്നത്.അതേസമയം ബംബർ എടുത്ത ആ ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.



