ENTERTAINMENT

സിദ്ധീഖ് എഴുതുന്നു എന്റെ ഭ്രാന്തൻ ചിന്തകൾ

നിയന്ത്രണം..നിനക്ക് നിന്റെ ചിന്തകളെ ( വികാരങ്ങളെ) നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ ചിന്തകൾ നിന്നെ നിയന്ത്രിക്കും.. ഇന്നലെ ഫെയ്സ്ബുക്കിൽ കണ്ട ഒരു ഇംഗ്ലീഷ് പഴമൊഴിയുടെ അർഥമാണത്..

സമ്പന്നതയുടെ നടുവിലായിരുന്നു മൻസൂറിന്റെ ജനനം.. അവന്റെ ഇഷ്ടത്തിനനുസരിച്ച് ആരെയും അനുസരിക്കാതെ അവൻ ജീവിച്ചു.. അവനൊരു യുവാവായി.. ബൈക്കും കാറും എല്ലാമുള്ള അവന് യുവത്വത്തിന്റെ എല്ലാ ദുശ്ശീലങ്ങളും ഉണ്ടായിരുന്നു.. പുകവലി മദ്യപാനം ചൂതാട്ടം വ്യഭിചാരം തുടങ്ങി പലതും.. അവന്റെ ഈ ദുശ്ശീലം കൊണ്ട് നല്ല ഒരു സുഹൃത്ത് പോലും അവന് ഉണ്ടായിരുന്നില്ല..പണവും ആർഭാട ജീവിതവും ആഗ്രഹിക്കുന്ന അവനെപ്പോലെയുള്ളവർ മാത്രമായിരുന്നു അവന്റെ കൂട്ടുകാരായി ഉണ്ടായിരുന്നത്.. പണത്തിന്റെ ഹുങ്ക് കാണിച്ച് ചെറിയ കാര്യത്തിനാണെങ്കിൽ പോലും ആരോടാണെങ്കിലും വഴക്കുണ്ടാക്കുന്നത് അവന്റെ സ്ഥിരം സ്വഭാവമാണ്.. പലപ്പോഴും പോലീസ് കേസിൽ അകപ്പെട്ടു.. പലയിടത്തുനിന്നും തല്ലും കിട്ടി.. വിവാഹം കഴിപ്പിച്ചാൽ നന്നാവും എന്ന് കരുതി ഒരു പാവം പെൺകുട്ടിയെ വിവാഹം കഴിച്ചു.. രണ്ട് കുട്ടികൾ പെട്ടെന്ന് പെട്ടെന്ന് ഉണ്ടായി..അവനൊരിക്കലും അവന്റെ ആഗ്രഹങ്ങളെ നിയന്ത്രിക്കാനായില്ല.. പരമാവധി ശ്രമിച്ചിട്ടും ഒത്തുപോകാൻ കഴിയാത്തതുകൊണ്ട് അവന്റെ ഭാര്യയും മക്കളും അവനെ ഒഴിവാക്കി പോയി.. അവളോടുള്ള വാശി കാരണം അവൻ മറ്റൊരു വിവാഹം കഴിച്ചു.. അതിലും ഉണ്ടായി രണ്ട് കുട്ടികൾ.. അവന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല..

മദ്യത്തിനും ലഹരി മരുന്നിനും അവൻ അടിമയായി.. വർഷങ്ങൾ പോകവേ വീട്ടുകാരും നാട്ടുകാരും അവനെ വെറുത്തു.. സ്വന്തം മക്കൾക്ക് അവൻ തന്റെ ഉപ്പയാണ് എന്ന് പറയുന്നത് പോലും നാണക്കേടായി.. അവന് കുടുംബസത്തായി ലഭിച്ചിരുന്ന ഭാരിച്ച സ്വത്തുക്കളിൽ ഭൂരിഭാഗവും അവൻ നശിപ്പിച്ചു.. അവസാനം ഉണ്ടായിരുന്ന കുറച്ച് സ്വത്തുക്കൾ വഴക്ക് കൂടിയും മറ്റുള്ളവരുടെ മധ്യസ്ഥതക്കും ഒടുവിൽ മറ്റൊരു നിവൃത്തിയില്ലാതെ അവന്റെ നാലു മക്കൾക്ക് വീതിച്ചു കൊടുത്തു.. ഇപ്പോൾ വീടോ കിടക്കാൻ ഒരിടമോ ഇല്ലാതെ, നാട്ടുകാർക്കും വീട്ടുകാർക്കും ശല്യമായി, ബീവറേജ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം വേണ്ടവർക്ക് മദ്യം വാങ്ങിക്കൊടുത്തും, വെള്ളവും ഗ്ലാസും കയ്യിൽ കരുതി കുടിക്കേണ്ടവർക്ക് സൗകര്യമൊരുക്കിയും അതിന് പ്രത്യുപകാരം ആയി അവർ കൊടുക്കുന്ന മദ്യവും കഴിച്ച് തലയ്ക്ക് വെളിവില്ലാതെ നടക്കുന്നു.. ശരീരമാസകലം നീര് വന്ന അവനെ കണ്ടാൽ പലർക്കും തിരിച്ചറിയാനാവില്ല.. അധികം വൈകാതെ തന്നെ ഏതെങ്കിലും കടത്തിണ്ണയിൽ കിടന്ന് കോടീശ്വരനായ ഇസ്മായിൽ സാഹിബിന്റെ ഏക മകൻ മൻസൂർ മരിച്ചു എന്ന് കേൾക്കാം..

മൻസൂറിന് ഒരിക്കലും അവന്റെ ഒരു ചിന്തകളെയും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.. അവന്റെ ആഗ്രഹങ്ങളെയോ കോപത്തെയോ കാമത്തെയോ മറ്റ് താൽക്കാലിക സുഖം ലഭിക്കുന്ന ഒന്നിനെയും അവന് നിയന്ത്രിക്കാനായില്ല.. കോപവും കാമവും മദ്യപാനാസക്തിയും അങ്ങിനെ പലതും അവനെ നിയന്ത്രിക്കാൻ തുടങ്ങി.. അതിന്റെയൊക്കെ പരിണിതഫലം എങ്ങനെയാണ് എന്ന് നമ്മൾ കണ്ടല്ലോ?.. നമ്മുടെ ആഗ്രഹങ്ങളെ, വികാരങ്ങളെ, ചിന്തകളെ നമുക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ ആഗ്രഹങ്ങൾ, വികാരങ്ങൾ, ചിന്തകൾ നമ്മളെ നിയന്ത്രിക്കും. നമ്മളെ നാശത്തിലേക്ക് നയിക്കും.. വികാരങ്ങളും വിചാരങ്ങളും ആവശ്യങ്ങളും ആഗ്രഹങ്ങളും ഇല്ലാത്തവരായി ആരുമില്ല.. നമുക്ക് അവയെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ ജീവിതം സുഖകരമാകും. മറിച്ചാണെങ്കിൽ നരകതുല്യവും.. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com