കാത്തിരിപ്പിനൊടുവിൽ കൂളിമാട് പാലം യാഥാർഥ്യമായി; അടുത്തമാസം തുറക്കും, നിർമാണച്ചെലവ് 25 കോടി രൂപ

മാവൂർ :കാത്തിരിപ്പിനൊടുവിൽ കൂളിമാട് പാലം യാഥാർഥ്യമായി. കോഴിക്കോട് -മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് കടവിൽ ചാലിയാറിനു കുറുകെ നിർമിച്ച പാലം അടുത്തമാസം തുറന്നു നൽകും. 309 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ട്. 35 മീറ്റർ നീളത്തിലുള്ള ഏഴ് സ്പാനുകളും 12 മീറ്റർ നീളത്തിലുള്ള 5 സ്പാനുകളുമുണ്ട്. 35 മീറ്റർ നീളത്തിലുള്ള സ്പാനുകൾ പുഴയിലും 12 മീറ്റർ നീളത്തിലുള്ളവ കര ഭാഗത്തുമാണ് നിർമിച്ചത്.
പാലത്തിന് ആകെ 13 തൂണുകളുണ്ട്. കൂളിമാട് ഭാഗത്ത് 160 മീറ്റർ നീളത്തിലും മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് 80 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിർമിച്ചത്. 2019ലെ പ്രളയത്തിൽ പാലം നിർമാണത്തിന് ഒരുക്കിയ സംവിധാനങ്ങളെല്ലാം നശിച്ചതിനെ തുടർന്ന് പ്രവൃത്തി നിർത്തിവച്ചു. പാലത്തിന്റെ ഡിസൈനും എസ്റ്റിമേറ്റും പുതുക്കിയ ശേഷമാണ് പ്രവൃത്തി പുനരാരംഭിച്ചത്. 2022 മേയ് 16ന് ഹൈഡ്രോളിക് ജാക്കിയിൽ ഉണ്ടായ സാങ്കേതിക തകരാറുകൾമൂലം പാലത്തിന്റെ 3 ബീമുകൾ തകർന്നു വീണിരുന്നു.രണ്ടാമതും പാലത്തിന്റെ പണി നിർത്തിവച്ചു. കാരണക്കാരായ 2 ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായി. നിലവിൽ ഫണ്ടിന്റെ അപര്യാപ്തത കാരണം പാലത്തിനു മുകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണ്.2016-17 ബജറ്റിൽ പ്രഖ്യാപിച്ച കൂളിമാട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 2019 മാർച്ച് 9ന് അന്നത്തെ മന്ത്രി ടി.പി.രാമകൃഷ്ണനാണ് നിർവഹിച്ചത്. 25 കോടി രൂപയാണ് നിർമാണച്ചെലവ്


